രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന അർബുദങ്ങളിൽ ശ്വാസകോശാർബുദത്തിന് മൂന്നാം സ്ഥാനം

Advertisement

ഇന്ത്യയിൽ ഏറ്റവും സാധാരണയായി രോഗനിർണയം നടത്തുന്ന മൂന്നാമത്തെ അർബുദമാണ് ശ്വാസകോശ അർബുദം. പ്രതിവർഷം ഏതാണ്ട് 72,510 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് ലാൻസെറ്റ് റീജിയണൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. കാലക്രമേണ ശ്വാസകോശ അർബുദം തലച്ചോറിലേക്ക് പടരുകയും സങ്കീർണതകൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും മറ്റൊരു കാൻസർ ആയി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.

നോൺ-സ്‌മോൾ സെൽ ലംങ് കാൻസർ അഡ്വാൻസ് സ്റ്റേജിലുള്ള 10 ശതമാനം രോഗികളിൽ അർബുദം തലച്ചോറിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. പ്രാഥമികമായി ട്യൂമർ കണ്ടെത്തുന്ന 50 ശതമാനം ആളുകളും ശ്വാസകോശ അർബുദ ബാധിതരാകാനാണ് സാധ്യതയെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. അർബുദ കോശങ്ങൾ തലച്ചോറിന്റെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുകയും വീക്കം, മർദം,നാഡീവ്യൂഹം എന്നിവയ്ക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അർബുദ കോശങ്ങൾ തലച്ചോറിലേക്ക് പടരുന്നതിന്റെ (ബ്രെയിൻ മെറ്റാസ്റ്റെയ്സുകൾ) ലക്ഷണങ്ങൾ – വിട്ടുമാറാത്ത തലവേദന, അപസ്മാരം, വൈജ്ഞാനിക വൈകല്യങ്ങൾ, വ്യക്തിത്വ മാറ്റങ്ങൾ, ചലനശേഷിയിലോ സംസാരിക്കാനോ ബുദ്ധിമുട്ട് നേരിടുക. തലച്ചോറിലേക്ക് പടരുന്ന ശ്വാസകോശ അർബുദം റേഡിയേഷൻ, സിസ്റ്റമിക് കീമോതെറാപ്പി തുടങ്ങിയ ചികിത്സകളിലൂടെ ഭേദമാക്കാം. ഇത് ശ്വാസകോശ അർബുദവും ബ്രെയിൻ മെറ്റാസ്റ്റേസുകളും നിയന്ത്രിക്കാൻ സഹായിക്കും.

പുകവലിയാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന വില്ലൻ. ശ്വാസകോശ അർബുദത്തിന് ചികിത്സ തേടുന്ന 85 ശതമാനം ആളുകളും പുകവലിക്കാരാണ്. കൂടാതെ പാസ്സീവ് സ്‌മോക്കിങ്, വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന കെമിക്കലുകൾ, റഡോൺ വാതകം, ആസ്ബറ്റോസ് എന്നിവ ശ്വാസകോശത്തിൽ എത്തുന്നതും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളും ശ്വാസകോശ അർബുദങ്ങൾക്കു കാരണമാകാം.