ഒന്നിലധികം തവണ അലാറം സെറ്റ് ചെയ്ത് ഇടയ്ക്കിടെ ഉറക്കം മുറിക്കാറുണ്ടോ? ഇതറിയൂ

Advertisement

എല്ലാദിവസവും രാവിലെ ഒന്നിലധികം അലാറങ്ങൾ കേട്ട് ഇടയ്ക്കിടെ ഉണരുന്നത് നിങ്ങളുടെ അവസാന ഘട്ട ഉറക്കത്തെ തടസപ്പെടുന്നു. ഇത് ഉറക്കച്ചടവ്, ക്ഷീണം, മൂഡ് മാറ്റം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഇത് നിങ്ങളുടെ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കാനും കാരണമാകുന്നു.

ഓരോ തവണ അലാറം അടിക്കുമ്പോഴും ശരീരം ഫൈറ്റ് അല്ലെങ്കിൾ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് പോകുന്നു. ഇത് ശരീരത്തെ കൂടുതൽ സമ്മർദത്തിലാക്കും. കാലക്രമേണ മൂഡ് മാറ്റം കൂടാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകും. ഇടയ്ക്കിടെ ഉറക്കം തടസപ്പെടുന്നത് ശരീരത്തെ കൂടുതൽ സമ്മർദത്തിലാക്കും. ഉറക്കത്തിന്റെ ഗുണനിലവാരം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രധാനമാണ്. സ്ലീപ് സൈക്കിളിന്റെ അവസാന ഘട്ടമാണ് റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ് (ആർഇഎം). ഓർമകൾ ക്രമീകരിക്കുന്നതിനും സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഘട്ടം വളരെ പ്രധാനമാണ്. ഉറക്കത്തിന്റെ ഈ ഘട്ടം തടസപ്പെടുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും.

സ്ഥിരമായ ഉറക്ക തടസം മൂലം ശരീരത്തിൽ പിരിമുറക്കങ്ങൾ വർധിക്കാം. ഇത് അമിത ശരീരഭാരം, ഉത്കണ്ഠ, വിഷാദം പോലുള്ള അവസ്ഥയിലേക്ക് തള്ളിവിടാം. അതിനാൽ ഒന്നിൽ കൂടുതൽ അലാറം സെറ്റ് ചെയ്യുന്നതിന് പകരം ഒരു തവണ മാത്രം അലാറം സെറ്റ് ചെയ്ത് ശീലിക്കാം. ഒരു മണിക്കൂർ തുടർച്ചയായി ഉറക്കം തടസപ്പെടുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് സ്‌ക്രീൻടൈം പരിമിതപ്പെടുത്തുക. ഉറക്കം തടസപ്പെടുത്തുന്ന തരത്തിൽ മുറിയിൽ ബ്രൈറ്റ് വെളിച്ചം ഉപയോഗിക്കാതിരിക്കുക. ഉറങ്ങുന്നതിന് തൊട്ട് മുൻപ് വ്യായാമം, ഭക്ഷണം എന്നിവ ഒഴിവാക്കുക. ഉറങ്ങുന്നതിന് മുൻപ് മെഡിറ്റേറ്റ് ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടും.

Advertisement