മലമ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

Advertisement

ജില്ലയില്‍ മലമ്പനി പ്രതിരോധത്തിനായി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. 2024 ജൂലൈ വരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 31 മലമ്പനി കേസുകളും ഇതര സംസ്ഥാനത്ത് നിന്നും വന്നവരിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലിക്കായി പോയി വന്നവരിലുമാണ്. ഇവര്‍ ഇവിടെ വരുന്ന സമയത്ത് ചികിത്സ സ്വീകരിക്കാതിരിക്കുകയും തദ്ദേശിയ അനോഫെലിസ് കൊതുകുകളിലൂടെ രോഗം പകരുകയുമാണ് ചെയ്യുന്നത്. അതിനാല്‍ നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ മലമ്പനി രക്ത പരിശോധന നടത്തുകയും രോഗം ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ഉചിതമായിരിക്കും.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പനി ഇല്ലെങ്കിലും രക്ത പരിശോധന നടത്തണം. സ്വന്തംനാട്ടില്‍ നിന്നെത്തുന്ന അതിഥി തൊഴിലാളികള്‍ തൊഴിലിടങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ രക്ത പരിശോധന നടത്തി മലമ്പനി ഇല്ലെന്ന് ഉറപ്പ് വരുത്തണം. അതിഥി തൊഴിലാളികളില്‍ പനിയോ മറ്റ് രോഗലക്ഷണമോ കണ്ടാല്‍ ബന്ധപ്പെട്ടവര്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കയും രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്തിയാല്‍ മരുന്നുകള്‍ നല്‍കുകയും മരുന്നിന്റെ കോഴ്സ് തീരുന്നതുവരെ കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. അതിനുശേഷം മാത്രം തൊഴിലിടങ്ങളിലേക്ക് അവരെ വിടാന്‍ പാടുള്ളു. തദ്ദേശിയ മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മുന്‍കാലങ്ങളില്‍ രോഗം വന്നിട്ടുള്ളവര്‍ ചികിത്സക്ക് ചെല്ലുമ്പോള്‍ നേരത്തെ രോഗം വന്നിട്ടുള്ള വിവരം ഡോക്ടറെ അറിയിക്കണം. അനോഫെലിസ് വരുണ, അനോഫെലിസ് സ്റ്റീഫന്‍സി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ജില്ലയില്‍ കൂടുതലായി കാണപ്പെടുന്നത്. ഇത്തരം കൊതുകുകള്‍ പ്രധാനമായും ജില്ലയിലെ നഗര-തീരപ്രദേശങ്ങളിലും വ്യവസായ മേഖലകളിലുമാണ് കാണുക. ശുദ്ധജലത്തിലാണ് ഈ കൊതുകുകള്‍ മുട്ടയിടുന്നത്. തീരദേശങ്ങളിലും, നഗരപ്രദേശങ്ങളിലും കിണറുകള്‍, (വലയില്ലാത്തതും കൊതുകുഭോജി മത്സ്യം ഇല്ലാത്തതും), അടപ്പില്ലാത്തതും പൊട്ടിയതുമായ ടാങ്കുകള്‍ (ഗ്രൗണ്ട് ലെവല്‍ ടാങ്ക്, ഓവര്‍ ഹെഡ് ടാങ്ക്) എന്നിവിടങ്ങളിലെല്ലാം കൊതുക് മുട്ടയിട്ടു വളരുവാന്‍ സാഹചര്യമുണ്ടാകുന്നു.
രോഗം സ്ഥിരീകരിച്ച ആളില്‍ നിന്നും മൂന്ന്, 14, 28 ദിവസങ്ങളില്‍ തുടര്‍പരിശോധനയ്ക്കായി രക്തസാമ്പിളുകളില്‍ പ്ലാസ്മോഡിയത്തിന്റെ സാന്നിദ്ധ്യം ഇല്ലായെന്ന് ഉറപ്പുവരുത്തണം. തുടര്‍ന്ന് രണ്ടു വര്‍ഷക്കാലം മാസത്തില്‍ ഓരോ തവണയും രക്തപരിശോധന നടത്തണം. മലമ്പനി ബാധിച്ച ഒരാള്‍ക്ക് ചികിത്സ വഴി രക്തത്തിലെ പാരസൈറ്റുകള്‍ നശിക്കും. എന്നാല്‍ ചില പാരസൈറ്റുകള്‍ കരളില്‍ സുക്ഷുപ്താവസ്ഥയില്‍ കണ്ടേക്കാം. ഇത് പരിശോധനയിലൂടെ കണ്ടെത്തി വീണ്ടും രോഗബാധ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും. ജില്ലയില്‍ മലമ്പനി കേസ് കൂടി വരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. പൊതുസമൂഹം ജാഗ്രത പാലിച്ചാല്‍ മാത്രമേ രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളു എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Advertisement