നിങ്ങളുടെ മുടി എത്ര വേഗത്തിൽ വളരുന്നു, ശരീരഭാരം എത്ര കൂടുന്നു അല്ലെങ്കിൽ കുറയുന്നു, നിങ്ങളുടെ ശരീരം പഞ്ചസാര എങ്ങനെ പ്രോസസ്സ് ചെയ്യുന്നു, ആർത്തവചക്രം എന്നു തുടങ്ങി ശരീരത്തിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് നിങ്ങളുടെ ശരീരത്തിലുള്ള ഹോർമോണുകളാണ്. രക്തത്തിലൂടെ അവയവങ്ങൾ, ചർമം, കോശങ്ങൾ എന്നിവയോടെല്ലാം ആശയവിനിമയം നടത്തുന്ന രാസവസ്തുക്കളാണ് ഹോർമോൺ.
ശരീരത്തിലെ വിവിധ കോശങ്ങളും ഗ്രന്ഥികളുമാണ് ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. മനുഷ്യശരീരത്തിൽ ഏതാണ്ട് 50-ലധികം തരം ഹോർമോണുകൾ ഗവേഷകർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഏറ്റക്കുറച്ചിലുകൾ പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഡയറ്റിൽ നിന്ന് കാർബോഹൈഡ്രേറ്റുകൾ അല്ലെങ്കിൽ പ്രോട്ടീൻ അമിതമായി നിയന്ത്രിക്കുന്നത് ഹോർമോൺ ബാലൻസ് കുഴപ്പത്തിലാക്കും. പ്രോട്ടീൻ ആണ് ഹോർമോണുകളുടെ ബിൽഡിങ് ബ്ലോക്കുകൾ കൂടാതെ കാർബോഹൈഡ്രേറ്റുകൾ ഹോർമോൺ ഉൽപാദനത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യം മോശമാകുന്നത് ഹോർമോൺ ബാലൻസ് ഇല്ലാതാക്കും. കുടലിന്റെ ആരോഗ്യം മോശമാകുക എന്നാൽ ഹോർമോൺ മെറ്റബോളിസത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയ കുറയുന്നു എന്നാണ് അർഥം.
ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്ന ദോഷകരമായ തന്മാത്രകളോട് പോരാടാൻ ആന്റി-ഓക്സിഡന്റുകൾ കൂടിയേ തീരൂ. വിട്ടുമാറാത്ത മാനസിക സമ്മർദം നിങ്ങളുടെ ഹോർമോൺ ബാലൻസ് തകിടം മറിക്കാം. സമ്മർദം ഉറക്കമില്ലായ്മയിലേക്കും സ്ട്രെസ് ഹോർമോൺ പുറന്തള്ളുന്നതിലേക്കും നയിക്കുന്നു.
ദിവസവും ഉപയോഗിക്കുന്ന ചർമസംരക്ഷണ വസ്തുക്കൾ, പെർഫ്യൂം, പ്ലാസ്റ്റിക് വസ്തുക്കൾ, സ്റ്റിറോയിഡുകൾ, ചില മരുന്നുകൾ തുടങ്ങിയവ നിങ്ങളുടെ ഹോർമോൺ ബാലൻസ് കുഴപ്പത്തിലാക്കാം. ഹോർമോൺ പ്രവർത്തനത്തിനും ഉൽപാദനത്തിനും പരമപ്രധാനമാണ് വെള്ളം. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിങ്ങളുടെ ശരീരത്തിലെ ഹോർമോൺ ബാലൻസ് കുഴപ്പത്തിലാക്കാം.