യാത്ര പോകുമ്പോൾ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ഒരു ആരോ​ഗ്യദായകമായ ഭക്ഷണം ഇതാ

Advertisement

യാത്ര പോകുമ്പോൾ കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യമാണ് പല അമ്മമാർക്കും ടെൻഷനായിട്ട് വരുന്നത്. എന്ത് കൊടുക്കും, പോകുന്ന സ്ഥലത്ത് നല്ല ഭക്ഷണം കിട്ടുമോ അങ്ങനെ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. പ്രത്യേകിച്ച് കൊച്ചു കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് ഈ പ്രശ്നം പ്രധാനമായും വരുന്നത്. ഇത് കാരണം പല അമ്മമാരും യാത്രകൾ പോലും ഒഴിവാക്കാറുണ്ട്. പൊതുവെ അമ്മമാർ ഉപയോഗിച്ചിരുന്ന സെർലാക്കിൽ അമിതമായ പഞ്ചസാരയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ പലർക്കും ഭക്ഷണമൊരു ടെൻഷനായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ കഴിയുന്നൊരു സെർലാക്ക് നോക്കാം.

മഖാന

വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് മഖാന അഥവ താമരവിത്ത്. പൊതുവെ ഇത് അധികം ആളുകൾ ഉപയോഗിക്കാറില്ലെങ്കിലും ഇതിൻ്റെ ഗുണങ്ങൾ പറഞ്ഞ് അറിയിക്കാൻ കഴിയില്ല. ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ കുഞ്ഞുങ്ങളുടെ എല്ലിന് നല്ലതാണ് ഈ മഖാന. ധാരാളം അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇത് കൊടുത്ത് തുടങ്ങാവുന്നതാണ്. മൂന്ന് ദിവസം കൊടുത്ത് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം കൊടുക്കാൻ ശ്രമിക്കുക.

അരി

ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതാണ് അരി. ഇത് കുഞ്ഞുങ്ങൾക്ക് നൽകുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. പ്രോട്ടീനും വൈറ്റമിൻ ബിയും കാൽസ്യവുമൊക്കെ നൽകുന്ന അരി പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ആറ് മാസം കഴിഞ്ഞ് കട്ടിയുള്ള ആഹാരം കഴിക്കാൻ തുടങ്ങുമ്പോൾ കുഞ്ഞുങ്ങൾക്ക് അരി നൽകാവുന്നതാണ്. അരിയ്ക്കൊപ്പം പച്ചക്കറികളും ധാന്യങ്ങളുമൊക്കെ ചേർത്ത് വേവിച്ച് ഉടച്ച് നൽകാവുന്നതാണ്.

നട്സ്

വ്യത്യസ്തമായ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതാണ് നട്സുകൾ. ബദാം, കശുവണ്ടി എന്നിവ കുഞ്ഞുങ്ങൾ നൽകുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകാൻ സഹായിക്കും. നല്ല തരിയായി പൊടിച്ചോ അല്ലെതെ ഉടച്ചോ കുഞ്ഞുങ്ങൾക്ക് നട്സ് നൽകാവുന്നതാണ്. മാത്രമല്ല വൈറ്റമിനുകളും ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ബുദ്ധി വളർച്ചയ്ക്ക് വളരെ മികച്ചതാണ് നട്സുകൾ.

അവൽ

കുഞ്ഞുങ്ങളുടെ തൂക്കം കൂട്ടാൻ വളരെ നല്ലതാണ് അവൽ. ദഹനത്തിനും നല്ലതാണ് അവൽ. വ്യത്യസ്തമായ രീതികളിൽ അവൽ കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്. അയണിൻ്റെ അളവ് ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വിളർച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഏറെ സഹായിക്കും. കാർബോഹൈഡ്രേറ്റും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഓട്സ്

വയർ നിറയ്ക്കാൻ വളരെ മികച്ചതാണ് ഓട്സ്. ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓട്സ്. ഇത് കുഞ്ഞുങ്ങളുടെ ദഹനത്തിന് വളരെയധികം സഹായിക്കാറുണ്ട്. മലബന്ധം പോലെയുള്ള കുഞ്ഞുങ്ങളുടെ പ്രശ്നങ്ങളെ മാറ്റാനും ഓട്സ് സഹായിക്കും. കുഞ്ഞുങ്ങളുടെ വയർ നിറയ്ക്കാൻ മികച്ചതാണ് ഓട്സ്. ഇത് ആരോഗ്യപരമായും നല്ലൊരു ഭക്ഷണമാണ്.

സീഡ്സ്

സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രായഭേദമന്യേ എല്ലാ പ്രായകാർക്കും ഇത് കഴിക്കാവുന്നതാണ്. കുട്ടികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ വളരെ നല്ലതാണ് സീഡ്സ് നൽകുന്നത്. പോഷകങ്ങളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് സീഡ്സ്. ഒമേഗ 3 ഫാറ്റി ആസിഡ് ബുദ്ധിക്കും കണ്ണിനുമൊക്കെ വളരെ നല്ലതാണ്.

സെർലാക്ക് തയാറാക്കാൻ

ആദ്യം തന്നെ ഒരു കപ്പ് അരിയും ചെറുപയർ പരിപ്പും അൽപ്പം ജീരകവും നന്നായി കഴുകി ഉണക്കിയെടുക്കുക. ഇനി അത് ചെറു തീയിൽ ഒന്ന് റോസ്റ്റ് ചെയ്ത് മാറ്റി വയ്ക്കാം. അതിന് ശേഷം അര കപ്പ് താമരവിത്തും ചെറു തീയിൽ റോസ്റ്റ് ചെയ്ത് വയ്ക്കാം. അര കപ്പ് അവിലും ഓട്സും കഴുകി വ്യത്തിയാക്കി എടുത്ത് ചെറു തീയിൽ റോസ്റ്റ് ചെയ്ത് എടുക്കാം. ഇനി ഇഷ്ടമുള്ള നട്സുകളും സീഡ്സും എടുക്കാം. കശുവണ്ടി, ബദാം, മത്തങ്ങ വിത്ത് എന്നിവയൊക്കെ എടുക്കാവുന്നതാണ്. വാൾനട്സും ചേർക്കാവുന്നതാണ്. ഇതും ചെറു തീയിൽ ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക. ഇനി ഇവയെല്ലാം മിക്സിയിലിട്ട് പ്രത്യേകം പൊടിച്ച് എടുക്കുക. നട്സ് ഒരിക്കലും അരയ്ക്കരുത് പൾസ് അടിച്ച് പൊടിച്ച് എടുക്കാൻ ശ്രദ്ധിക്കുക. എല്ലാം പൊടിച്ച് വച്ച ശേഷം 3 സ്പൂൺ എടുത്ത് അൽപ്പം വെള്ളത്തിൽ നന്നായി കുറുക്കി എടുക്കുക. ഈന്തപ്പഴത്തിൻ്റെ പകുതി മിക്സിയിലടിച്ച് ഇതിനൊപ്പം ചേർക്കാവുന്നതാണ്.

Advertisement