ഇന്ന് ലോക പിസിഒഎസ് ദിനം; സ്ത്രീകളെ ബാധിക്കുന്ന ഈ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് ചിലത് അറിയാം….

Advertisement

ജീവിതശൈലിയിലെ മാറ്റങ്ങള്‍ മൂലവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണവുമൊക്കെ സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നമാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം.

എന്താണ് പി.സി.ഒ.എസ്?
അണ്ഡാശയങ്ങള്‍ ചെറുകുമിളകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളില്‍ പുരുഷ ഹോര്‍മോണുകള്‍ അഥവാ ആന്‍ഡ്രോജനുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങള്‍ വളര്‍ച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോര്‍മോണ്‍ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവര്‍ത്തനരീതിയില്‍ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്. അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. അതിനാല്‍ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.
ഏത് പ്രശ്‌നത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.എസ്സിനുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാല്‍ സ്ഥിരമായും പൂര്‍ണമായും പി.സി.ഒ.എസ്. ലക്ഷണങ്ങളില്‍ നിന്നും മുക്തമാകാനുള്ള മരുന്നുകള്‍ ലഭ്യമല്ല. എന്നാല്‍ കൃത്യമായ ജീവിതശൈലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താന്‍ സഹായിക്കും. ആര്‍ത്തവ കൃത്യതയ്ക്കായി ഹോര്‍മോണ്‍ കോമ്പിനേഷനുകള്‍ സഹായകരമാകുന്നു.
വന്ധ്യത പ്രശ്‌നമാകുമ്പോള്‍ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകള്‍ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളര്‍ച്ച, കറുത്ത പാടുകള്‍ മുതലായവയ്ക്ക് ചര്‍മരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം.

പിസിഒഎസ് കാരണങ്ങള്‍ അറിയാം
ജനിതക പാരമ്പര്യ കാരണങ്ങള്‍.
തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും
ചില ഹോര്‍മോണ്‍ രോഗങ്ങളുടെ ലക്ഷണമായും വരാം
നിരവധി കാരണങ്ങള്‍ പിസിഒഎസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

ലക്ഷണങ്ങള്‍
ആര്‍ത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഎസ്സിന്റെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുക, ആര്‍ത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആര്‍ത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രക്തസ്രാവം, ആര്‍ത്തവം നിലച്ചുപോയതുപോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളര്‍ച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല.

ചികിത്സ
ഇസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നിവ അടങ്ങിയ ഗുളികകള്‍ ക്രമീകരിച്ചു നല്‍കിയാണ് ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഎസ് ഉള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തില്‍ വ്യായാമം ചെയ്യണം. ദീര്‍ഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.

ഭക്ഷണത്തില്‍ നിന്നും ഇവ ഒഴിവാക്കുക
ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം.

Advertisement