എന്താണ് ബീഫ് ടാലോ? എന്താണ് ലാഡ്; തിരുപ്പതി ലഡു വിവാദത്തിന് ശേഷം ​ഗൂ​ഗിളിൽ തിരഞ്ഞ് ആളുകൾ!

Advertisement

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിന് ശേഷം ബീഫ് ടാലോ, ലാഡ് എന്നിവ എന്താണെന്ന് ​ഗൂ​ഗിളിൽ തെരച്ചിൽ. തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു നിർമിക്കാൻ മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിക്കുന്നുവെന്ന വിവാദം നിലനിൽക്കവെയാണ് ബീഫ് ടാലോ, ലാഡ് എന്നിവ എന്താണെന്ന് ​ഗൂ​ഗിളിൽ തെരച്ചിൽ വർധിച്ചത്.

പശു, കാള തുടങ്ങിയ മൃഗങ്ങളുടെ അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് ഉപയോ​ഗിച്ചാണ് ബീഫ് ടാലോ നിർമ്മിക്കുന്നത്. വിഭവം ഡീപ് ഫ്രൈ ചെയ്യാനാണ് പലപ്പോഴും ബീഫ് ടാലോ ഉപയോഗിക്കുന്നത്. സോപ്പ്, മെഴുകുതിരി നിർമ്മാണത്തിലും ഇത് ഉപയോ​ഗിക്കാറുണ്ട്. മാംസത്തിൽ നിന്ന് നീക്കം ചെയ്ത കൊഴുപ്പ് ഉരുകുന്നതിലൂടെയും ബീഫ് ടാലോ നിർമ്മിക്കാം. തണുത്ത് വെണ്ണയ്ക്ക് സമാനമായ മൃദുവായി ഇത് മാറും.

പന്നികളുടെ ഫാറ്റി ടിഷ്യു റെൻഡർ ചെയ്യുന്നതിലൂടെ ലഭിക്കുന്നതാണ് ലാഡ്. പന്നിയിറച്ചി കഴിക്കുന്ന സമൂഹങ്ങളിൽ പ്രധാന ഘടകമാണ് ലാഡ്. അതേസമയം, ഇപ്പോൾ ലാഡിന് പകരം വെജിറ്റബിൾ ഓയിലാണ് കൂടുതൽ ഉപയോ​ഗിക്കുന്നത്. അർധദ്രാവകാവസ്ഥയിൽ, വെളുത്ത കൊഴുപ്പാണ് ലാഡ്. ഒരു കാലത്ത് ബേക്കിംഗിൽ സാധാരണ ഘടകമായിരുന്നെങ്കിലും ഇപ്പോൾ സസ്യ എണ്ണയാണ് പകരമായി ഉപയോ​ഗിക്കുന്നത്.

തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വൈഎസ്ആർ കോൺ​ഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു രം​ഗത്തെത്തിയിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്. വൈഎസ്ആർ കോൺ​ഗ്രസ് അധികാരത്തിലായിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. നെയ്യിൽ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertisement