ലോക പേ വിഷബാധ ദിനാചരണം നാളെ; പേ വിഷ ബാധ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Advertisement

കൊല്ലം: പേ വിഷബാധയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു.എം. എസ് പറഞ്ഞു. ലോക പേ വിഷബാധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ജില്ലാതല പരിപാടി നടത്തും. പേ വിഷബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച ബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് വിളക്കുടി ഗവ. എല്‍പിഎസില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി എ. നിര്‍വഹിക്കും.
വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കെ ആര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു എം.എസ്. മുഖ്യപ്രഭാഷണം നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

പേ വിഷ ബാധ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക:
ണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക. പ്രതിരോധമാണ് പേ വിഷബാധയ്ക്കെതിരേയുള്ള ഫലപ്രദമായ പരിഹാര മാര്‍ഗം. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയുണ്ടായാല്‍ ഏല്‍ക്കുന്ന ഭാഗം 15 മിനിറ്റ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കല്‍, മൃഗങ്ങളുടെ കടി എന്നിവ ഉണ്ടായാല്‍ ആന്റി റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കൂടി എടുക്കണം. ഇത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരഞ്ഞെടുത്ത ജില്ല, ജനറല്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
മൃഗങ്ങളുമായി നിരന്തരം ഇടപെടുന്ന വ്യക്തിയാണെങ്കില്‍ മുന്‍കൂട്ടി വാക്സിന്‍ എടുക്കണം. കുട്ടികള്‍ മൃഗങ്ങളോട് കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധ പുലര്‍ത്താന്‍ അവരെ ശീലിപ്പിക്കണം. കടിയോ മാന്തോ കിട്ടിയാല്‍ മാതാപിതാക്കളെ യഥാസമയം അറിയിക്കാനും നിര്‍ദ്ദേശിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം കുത്തിവെപ്പ് എടുക്കുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യണം.
മൃഗങ്ങളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് പരിഹാരമല്ല. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേ വിഷബാധയ്ക്കെതിരേയുള്ള വാക്സിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ, ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും.

Advertisement