ദന്താരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ആരോഗ്യവും ഭംഗിയുമുള്ള പല്ലുകള്‍ക്ക് വേണ്ടി കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അതുപോലെ വെള്ളം ധാരാളം കുടിക്കുക. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. ചില ഭക്ഷണങ്ങൾ സ്വാഭാവികമായും പല്ലുകളുടെയും മോണകളുടെയും ശക്തിയും വൃത്തിയും വർദ്ധിപ്പിക്കുന്നു. അത്തരത്തില്‍ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
- ആപ്പിള്‍
പല്ലുകളില്‍ ക്യാവിറ്റി ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ സഹായിക്കും. ആപ്പിളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- സ്‌ട്രോബെറി
സ്‌ട്രോബെറി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്‌ട്രോബെറിയും ദന്താരോഗ്യത്തിന് നല്ലതാണ്. സ്‌ട്രോബെറിയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് മോണയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കും. സ്ട്രോബെറിയിൽ മാലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത പല്ല് വെളുപ്പിക്കൽ ഏജന്‍റായി പ്രവർത്തിക്കുന്നു.
- കിവി
കിവിയും വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. അതിനാല്‍ കിവി കഴിക്കുന്നതും പല്ലുകളുടെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
- ഓറഞ്ച്
ഓറഞ്ചിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് മോണയുടെ ആരോഗ്യം സംരക്ഷിക്കാനും പല്ലുകളെ ആരോഗ്യമുള്ളതാക്കാനും സഹായിക്കും.
- പൈനാപ്പിള്‍
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന പ്രകൃതിദത്ത എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വായിലെ ആസിഡുകളെ നിർവീര്യമാക്കുകയും പല്ലിന്‍റെ ഇനാമലിനെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ പല്ലുകളുടെ ആരോഗ്യത്തിനായി പൈനാപ്പിളും കഴിക്കാം.