കണ്ണിന് താഴെയുള്ള കറുപ്പ് നിറം… കാരണങ്ങള്‍ പലത്…

Advertisement

കണ്ണിന് താഴെയുള്ള കറുപ്പ് നിറം പലപ്പോഴും മുഖത്തിന്റെ മാത്രമല്ല ഒരാളുടെ വ്യക്തിത്വത്തിന്റെയും കൂടി പ്രശ്നമായി മാറുന്നു. കാരണം സുന്ദരവും ഉന്മേഷം നിറഞ്ഞതുമായ മുഖം തന്നെയാണ് ഒരാളുടെ ആദ്യ ഐഡന്റിറ്റി. ഇതിനുള്ള പരിഹാരം തേടുന്നതിന് മുമ്പ് കണ്ണിന് താഴെ കറുപ്പുനിറം വരുന്നതിന്റെ കാരണം അന്വേഷിക്കുന്നത് നന്നാവും. ഇതനുസരിച്ച് നമ്മുടെ ജീവിതശൈലി ക്രമീകരിച്ചാല്‍ പ്രശ്നത്തിനുള്ള പരിഹാരവുമാകും.
കണ്ണിന് താഴെയുള്ള കറുപ്പ് പാരമ്പര്യമായും ലഭിക്കാം എന്നതാണ് ആദ്യസൂചന. ചിലര്‍ക്കെങ്കിലും ഇത് ലഭിക്കുന്നത് മാതാപിതാക്കളുടെ ജീനില്‍ നിന്നായിരിക്കാം. ധാരാളം സൂര്യപ്രകാശം ഏല്‍ക്കേണ്ടിവരുന്നവര്‍ക്കും ഈ പ്രശ്നമുണ്ടാകും. അല്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിനൊപ്പം തൊലിയേയും ബാധിക്കും. വിനാശകാരിയായ ആള്‍ട്രാവയലറ്റ് രശ്മികള്‍ കൊളാജനെയും ഇലാസ്റ്റിന്‍ ഫൈബറുകളെയും വിഘടിപ്പിച്ച് ചര്‍മ്മത്തെ നേര്‍ത്തതും സുതാര്യവുമാക്കി മാറ്റുന്നതിന് കാരണമാകുന്നു. ഇത് കണ്ണുകളിലൂടെ രക്തധമനികളെ വ്യക്തമാക്കുകയും കണ്ണുകള്‍ക്കു താഴെ നിഴല്‍ പടര്‍ത്തുകയും ചെയ്യും. കടുത്ത വെയിലില്‍ യാത്ര ചെയ്യുന്നവരും മറ്റും ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നാവും.

നാം ജീവിക്കുന്ന പരിസരവും ചില മരുന്നുകളും വസ്തുക്കളുമുണ്ടാക്കുന്ന അലര്‍ജിയും ഈ കറുപ്പിന് കാരണമാവും. അലര്‍ജിയുടെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ഇതിനുള്ള പരിഹാരം.ശരീരത്തിലേയും അതുവഴി ത്വക്കിലേയും ജലാംശം കുറയുന്നത് കണ്ണിനടിയിലെ വരള്‍ച്ചയ്ക്കും കറുപ്പിനും കാരണമാകുന്നു. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ഉറക്കക്കുറവാണ് കണ്ണിന് കീഴിലെ പ്രശ്നങ്ങള്‍ക്കുള്ള ഒരു കാരണം. ആവശ്യമുള്ള സമയം നന്നായി ഉറങ്ങുക, ഉറങ്ങുന്നതിന് മുമ്പ് കുളിക്കുകയോ, കണ്ണുകള്‍ പച്ചവെള്ളം കൊണ്ട് നന്നായി കഴുകുകയോ ചെയ്യണം. ഇത് കണ്ണുകളുടെ ഉന്മേഷം വര്‍ദ്ധിപ്പിക്കും.
മാനസിക സമ്മര്‍ദ്ദങ്ങളും കണ്ണിന് കീഴില്‍ കറുത്തപാടുകളുണ്ടാക്കും. ഇതിനാല്‍ സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കാനും ഏതു തിരക്കിനിടയിലും അല്‍പസമയം മനസ്സിന് ഉന്മേഷം തരുന്ന ചെറുവിനോദങ്ങളില്‍ ഏര്‍പ്പെടുകയെന്നതും പ്രധാനമാണ്. അമിതമായ പുകവലിയും മദ്യപാനവും കണ്ണിന് കീഴിലുള്ള കറുപ്പിനൊരു കാരണമാണ്. ചില ത്വക്ക് രോഗങ്ങളും ഈ പ്രശ്നത്തിലേക്ക് നിങ്ങളെ നയിക്കാം. ഒരു സ്‌കിന്‍ സ്പെഷലിസ്റ്റിനോട് ഇതിനുള്ള പരിഹാരം തേടാവുന്നതാണ്. മുറിച്ച ഉരുളക്കിഴങ്ങുകൊണ്ട് കറുപ്പ് ബാധിച്ച പ്രദേശത്ത് തുടയ്ക്കുന്നതാണ് ഇതിനുള്ള വീട്ടുവൈദ്യം. പലതവണ ഇങ്ങനെ ചെയ്യുമ്പോള്‍ പാടുകളുടെ തീവ്രത കുറയും.