മഞ്ഞപ്പിത്തം ഈ അർബുദത്തിന്റെ ലക്ഷണം

Advertisement

പാൻക്രിയാസിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. അമിത മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു.

പാൻക്രിയാസിൽ അടങ്ങിയിരിക്കുന്ന കോശങ്ങൾ പെരുകുകയും ഒരു ട്യൂമർ രൂപപ്പെടുന്നതിനും ഇടയാക്കുന്നു. പാൻക്രിയാറ്റിക് ക്യാൻസറിന് പല ലക്ഷണങ്ങളും ഉണ്ടെങ്കിലും സാധാരണയായി കരൾ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മഞ്ഞപ്പിത്തം അവയിലൊന്നായി കണക്കാക്കപ്പെടുന്നു.

ബിലിറൂബിൻ എന്നറിയപ്പെടുന്ന കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിൻ്റെ ഘടകത്തിൻ്റെ വർദ്ധനവാണ് മഞ്ഞപ്പിത്തം. പിത്തരസം കുഴൽ, ട്യൂമർ വളർച്ചയെത്തുടർന്ന് തടയുകയും ഇത് രക്തത്തിലെ ബിലിറൂബിൻ്റെ അളവ് വർദ്ധിപ്പിക്കുകയും മഞ്ഞപ്പിത്തത്തിന് കാരണമാവുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം 60% നവജാതശിശുക്കളെയും ബാധിക്കുന്നു. പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ പ്രധാനപ്പെട്ട ലക്ഷണമാണ് മഞ്ഞപ്പിത്തമെന്ന് മണിപ്പാൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാ​ഗം മേധാവി ഡോ. മോഹിത് സക്സേന പറയുന്നു.

മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ

  1. കണ്ണുകളുടെ വെളുത്ത ഭാഗത്ത് മഞ്ഞനിറം
  2. മൂത്രത്തിൽ നിറവ്യത്യാസം
  3. ഇളം നിറത്തിലുള്ള മലം
  4. വിളറിയ ചർമ്മം

പാൻക്രിയാറ്റിക് ക്യാൻസറിന്റെ ലക്ഷണങ്ങൾ

ഒന്ന്

പെട്ടെന്ന് ഭാരം കുറയുന്നത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. അതായത്
ഭക്ഷണക്രമത്തിലോ വ്യായാമ മുറയിലോ മാറ്റമില്ലാതെ തന്നെ വേഗത്തിലുള്ളതും ഗണ്യമായതുമായ ശരീരഭാരം കുറയൽ നിസാരമായി കാണേണ്ട.

രണ്ട്

ഭക്ഷണത്തോടുള്ള താൽപര്യം കുറയുന്നതും വിശപ്പ് കുറയുന്നതും പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.

മൂന്ന്

ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളിൽ അസ്വസ്ഥത തുടങ്ങിയവയൊക്കെ സൂചനയാകാം.

നാല്

വയറിന്റെ മുകൾ ഭാ​ഗത്തുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറ്റിലെ മുകൾ ഭാഗത്ത് സ്ഥിരമായ വേദന പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ സൂചനയാകാം. അടിവയറ്റിൽ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയുമാണ് ചെയ്യുന്നത്.

അഞ്ച്

ചിലരിൽ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാൻ കഴിയാത്തതും പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.

പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച എല്ലാവർക്കും മഞ്ഞപ്പിത്തം ഒരു പ്രാരംഭ ലക്ഷണമായി കാണുന്നില്ലെങ്കിലും മറ്റ് ലക്ഷണങ്ങളോടൊപ്പം ഇത് ഗൗരവമായി കാണേണ്ടത് പ്രധാനമാണ്. ഇത് ഒരിക്കലും അവഗണിക്കരുത്. പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടുക.