ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താറുള്ള ഭക്ഷണങ്ങളിലൊന്നാണ് സ്മൂത്തികൾ. പല തരത്തിലുള്ള സ്മൂത്തികൾ ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. തീർച്ചയായും, സ്മൂത്തികൾ സ്വാദിഷ്ടമാണ്. ഉണ്ടാക്കാൻ എളുപ്പവുമാണ്. എന്നാൽ, സ്മൂത്തികൾ യഥാർത്ഥത്തിൽ ആരോഗ്യകരമാണോ?
സ്മൂത്തികൾ നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്ന് ആയുർവേദ ഗട്ട് ഹെൽത്ത് കോച്ച് ഡിംപിൾ ജംഗ്‌ദ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നു. പ്രത്യേകിച്ച് കുടലിൻ്റെ ആരോഗ്യത്തിന്. സ്മൂത്തി തയ്യാറാക്കുന്നതിനായി പഴങ്ങൾ മിക്സിയിൽ അടിച്ചെടുക്കുമ്പോൾ അതിൽ പോഷകങ്ങൾ യഥാർത്ഥത്തിൽ കുറയുകയാണ്. 30 മുതൽ 40 ശതമാനം ഫെെബർ വരെ പഴങ്ങളിൽ നിന്ന് നഷ്ടപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.
പഴങ്ങളിൽ മധുരത്തിന്റെ അളവ് കൂടി തന്നെയാണ് നിൽക്കുന്നത്. ഒരു വാഴപ്പഴം മിക്സിയിൽ അടിക്കാതെ മുഴുവനായി കഴിക്കുമ്പോൾ 45 ജിഐ glycaemic index (GI) മാത്രമാണ് വരുന്നത്. എന്നാൽ സ്മൂത്തിയായി കഴിക്കുമ്പോൾ ജിഐ 60 ന് മുകളിലെത്തുന്നു. ഗ്ലൈസെമിക് സൂചികയുടെ അളവ് കൂടുന്നത് വിവിധ കരൾ രോഗങ്ങൾക്കും അത് പോലെ പ്രമേഹം പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി ഡിംപിൾ ജംഗ്‌ദ പറയുന്നു.
പഴങ്ങൾ സ്മൂത്തി രൂപത്തിലോ ജ്യൂസായോ കഴിക്കാതെ അതോടെ തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലതെന്നും അവർ പറയുന്നു. കുടലിന്റെ ആരോഗ്യത്തിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ കുടൽ ദഹനത്തെ സഹായിക്കുന്നതിന് മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ആപ്പിൾ, വാഴപ്പഴം, കിവി, പപ്പായ, പെെനാപ്പിൾ, പാഷൻ ഫ്രൂട്ട് എന്നിവ കുടലിന്റെ ആരോഗ്യത്തിന് മികച്ച പഴങ്ങളാണ്.