ദഹനം മെച്ചപ്പെടുത്തുക, വയര്‍ വീക്കവും ഗ്യാസും കുറയ്ക്കുക, ഓക്കാനം മാറ്റുക തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഏലയ്ക്ക നല്‍കുന്നുണ്ട്. ഏലയ്ക്ക ചേര്‍ത്ത വെള്ളം വെറും വയറ്റില്‍ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.
ഏലക്കയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വീക്കം ചെറുക്കാനും ഹൃദയാരോഗ്യത്തെ സഹായിക്കാനും സഹായിക്കും. ഇവയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ വായുടെ ആരോഗ്യത്തിനും അണുബാധയ്ക്കെതിരെ പോരാടാനും സഹായിക്കും. വെറും വയറ്റില്‍ ഏലക്ക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം.
ഏലയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. വെറും വയറ്റില്‍ ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവ് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും രാവിലെ ഒരു ഗ്ലാസ് ഏലയ്ക്കാ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഈ പാനീയം ആന്റി ഓക്‌സിഡന്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്, ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
ദഹനത്തെ സഹായിക്കാനും അസ്വസ്ഥത, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഒഴിവാക്കാനും ഏലം നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വെറും വയറ്റില്‍ ഒരു ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിക്കുന്നത് സഹായിക്കും.