ഇരുമ്പിൻ്റെ കുറവ് പരിഹരിക്കാൻ കുടിക്കാം ഈ ‘മിറാക്കിൾ ജ്യൂസ്’

Advertisement

ഇരുമ്പിൻ്റെ കുറവ് ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ്. ശരീരത്തിൽ ഇരുമ്പിൻ്റെ അഭാവം വിളർച്ചയ്ക്ക് കാരണമാകുന്നു. ഇരുമ്പിൻ്റെ അളവിൽ കുറവ് ഉണ്ടെങ്കിൽ ഡോക്ടർമാർ സപ്ലിമെന്റ് കഴിക്കാൻ നിർദേശിക്കാറുണ്ട്. അതും അല്ലെങ്കിൽ ഭക്ഷണത്തിൽ ഇരുമ്പിൻ്റെ അളവ് വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചേക്കാം.

ഇരുമ്പിന്റെ കുറവ് പരി​ഹരിക്കാൻ സഹായിക്കുന്ന ഒരു ജ്യൂസിനെ പറ്റിയാണ് ഇനി പറയുന്നത്. തക്കാളി, മാതളനാരങ്ങ, നെല്ലിക്ക, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ഉപയോ​ഗിച്ച് തയ്യാറാക്കുന്ന ജ്യൂസാണിത്. ഏറെ പോഷക​ഗുണമുള്ളതും രുചികരവുമായ ജ്യൂസാണിത്. ഇതിനെ മിറാക്കിൾ ജ്യൂസ് എന്ന് പറയാമെന്ന് പോഷകാഹാര കൺസൾട്ടൻ്റ് ഡോ. സുമൻ അഗർവാൾ പറയുന്നു.

ഇരുമ്പ്, നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നാണ് ഈ ജ്യൂസ്. ഉയർന്ന പോഷകഗുണമുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഈ മിശ്രിതം ശരീരത്തിലെ രക്തചംക്രമണം നിയന്ത്രിക്കാനും ചുവന്ന രക്താണുക്കളുടെ ആരോഗ്യകരമായ വളർച്ചയയ്ക്കും അനീമിയയുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

നെല്ലിക്ക ചേർക്കുന്നത് വിറ്റാമിൻ സി വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ഇരുമ്പ് ആഗിരണം ചെയ്യാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നതായി ഡോ. അഗർവാൾ പറയുന്നു. കാരറ്റ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും സിയും ആൻ്റിഓക്‌സിഡൻ്റുകളായി പ്രവർത്തിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ ബി 6 അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?..

വേണ്ട ചേരുവകൾ

‌കാരറ്റ് 1 എണ്ണം ( ചെറുതായി അരി‍ഞ്ഞത്)
തക്കാളി 1 എണ്ണം ( ചെറുതായി അരി‍ഞ്ഞത്)
മാതള നരങ്ങ 1 എണ്ണം
ബീറ്റ്റൂട്ട് പകുതി എണ്ണം ( വേവിച്ചത്)
നെല്ലിക്ക 1 എണ്ണം
മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും തൊലി കളഞ്ഞ് കഴുകി എടുക്കുക.ശേഷം ചെറുതായി അരിഞ്ഞെടുത്ത് അൽപം വെള്ളം ചേർത്ത് അടിച്ചെടുക്കുക. ശേഷം തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

Advertisement