വന്‍കുടലിന്‍റെ ഭാഗമായ കോളോണിലും റെക്ടത്തിലുമെല്ലാമുണ്ടാകുന്ന അര്‍ബുദമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം എന്ന് പറയുന്നത്. മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ ആണ് മലാശയ അര്‍ബുദത്തിന്‍റെ ഒരു പ്രധാന ലക്ഷണം. അതിനാല്‍ വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്.
വയറിലോ അടിവയറ്റിലോ കുടലിന്‍റെ ഭാഗത്തോ ഒക്കെ വരുന്ന വേദന കോളോറെക്ടല്‍ അര്‍ബുദ ലക്ഷണമാണ്. വയറ്റില്‍ നിന്ന് പോകുമ്പോൾ സ്ഥിരം രക്തസ്രാവം ഉണ്ടാകുന്നതും അര്‍ബുദ ലക്ഷണമാണ്. വയറിളക്കം, മലബന്ധം, മലാശയ രക്തസ്രാവം അല്ലെങ്കിൽ മലത്തിൽ രക്തം പോവുക, മലത്തിന്‍റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുക, ഗ്യാസ്, മറ്റ് ദഹന പ്രശ്നങ്ങള്‍, വയറില്‍ അസ്വസ്ഥത തുടങ്ങിയവയൊക്കെ കോളോറെക്ടല്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്.
കുടലിലെ അര്‍ബുദ മുഴകള്‍ ചിലര്‍ക്ക് വയറ്റില്‍ നിന്ന് പോയിട്ടും വയര്‍ പൂര്‍ണമായും ഒഴിഞ്ഞ തോന്നല്‍ നല്‍കില്ല. ഇത് മൂലം എപ്പോഴും വയറ്റില്‍ നിന്ന് പോകണമെന്നുള്ള തോന്നല്‍ ഉണ്ടാകും. അതുപോലെ വിളര്‍ച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തലച്ചുറ്റല്‍ തുടങ്ങിയവയൊക്കെ മലാശയ അര്‍ബുദത്തിന്‍റെ സൂചനകളായും കാണപ്പെടാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.