ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തന്നെ തുടരുകയാണ്. വായു മലിനീകരണത്തിൻ്റെ തോത് 400 AQI അളവിനെക്കാൾ കൂടുതലായി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിഷവായു ശ്വാസിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. പ്രധാനമായും വായു മലിനീകരണം ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ചുമ, ശ്വാസം മുട്ടൽ തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ആസ്ത്മയോ മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകൾക്ക് വായു മലിനീകരണം ഏറെ ദോഷം ചെയ്യും. വായുമലിനീകരണം കുറയ്ക്കുന്നതിൽ പാനീയങ്ങൾക്ക് പ്രധാന പങ്കാണുള്ളത്. ശ്വാസകോശത്തിന്റെ പ്രവർത്തനം ക്യത്യമായി നടത്തുന്നതിൽ ചായകൾ മികച്ചൊരു പാനീയമാണെന്ന് തന്നെ പറയാം. കാരണം. അവയിൽ വിവിധ ആന്റി ഓക്സിഡൻറുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനായി കുടിക്കേണ്ട ചായകളെ കുറിച്ചാണ് താഴേ പറയുന്നത്.
കട്ടൻ ചായ
കട്ടൻ ചായ വെറുമൊരു ചായയല്ല. ഔഷധഗുണങ്ങൾ അടങ്ങിയ ചായ തന്നെയാണ്. ശ്വാസകോശാരോഗ്യത്തെ സംരക്ഷിക്കുന്നതിൽ ബ്ലാക്ക് ടീ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാരണം, കട്ടൻ ചായയിൽ ആൻ്റിഓക്‌സിഡൻ്റുകളായ തേഫ്‌ലാവിൻ, കാറ്റെച്ചിൻസ് തുടങ്ങിയ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ഗ്രീൻ ടീ
മറ്റൊന്നാണ് ഗ്രീൻ ടീ. അമിതഭാരം കുറയ്ക്കാനാണ് യഥാർത്ഥത്തിൽ ഗ്രീൻ ടീ കൂടുതൽ പേരും കുടിക്കുന്നത്. എന്നാൽ വണ്ണം കുറയ്ക്കാൻ മാത്രമല്ല ശ്വാസകോശരോഗങ്ങളെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. കാരണം ഇതിലെ
കാറ്റെച്ചിനുകളും ആൻ്റിഓക്‌സിഡന്റുകളും ശ്വാസകോശത്തെ സംരക്ഷിക്കുന്നു.
ഇഞ്ചി ചായ
ഇഞ്ചിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പ്രതിരോധശേഷി കൂട്ടുന്നതിന് ഇഞ്ചി പ്രധാന പങ്കാണ് വഹിക്കുന്നത്. ഇഞ്ചി ചായ കുടിക്കുന്നത് ഇമ്മ്യൂണിറ്റി കൂട്ടുക മാത്രമല്ല ശ്വാസകോശാരോഗ്യത്തിനും സഹായകമാണെന്ന് ടർക്കിഷ് ജേണൽ ഓഫ് മെഡിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇഞ്ചിയിൽ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു.
അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്നത് ഈ പറഞ്ഞ ചായകൾ കഴിക്കുന്നത് ആസ്ത്മ അല്ലെങ്കിൽ സിഒപിഡി പോലുള്ള അവസ്ഥകളെ സുഖപ്പെടുത്താൻ കഴിയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുകയും ശ്വസനം മെച്ചപ്പെടുത്തുന്നതിലൂടെയും ആശ്വാസം നൽകാൻ കഴിയും എന്നതാണ്.