വൃക്കകൾ ശരീരത്തിന്റെ അനുയോജ്യമായ പ്രവർത്തനങ്ങൾ നിലനിറുത്താൻ നിർണ്ണായകമായ ഒരു അവയവമാണ്. ആവശ്യമുള്ള പോഷകങ്ങളെ നിലനിർത്തുകയും, അപ്രയോജനകമായ മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന പ്രധാന ഉത്തരവാദിത്തം വൃക്കകൾക്കാണ്. എന്നാൽ, ഈ തുടർച്ചയായ പ്രവർത്തന പ്രക്രിയയിൽ, വൃക്കകൾക്ക് ഫംഗൽ അണുബാധ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
കാൻഡിഡ, ആസ്പർജില്ലസ്, ബ്ലാസ്റ്റോമൈസസ്, ക്രിപ്റ്റോകോക്കസ് തുടങ്ങിയ ഫംഗസുകൾ സാധാരണയായി വൃക്കകളെ ബാധിക്കാറുണ്ട്. ഇത് കിഡ്നി ഫംഗസ് എന്നറിയപ്പെടുന്നു. മൂത്രസഞ്ചിയിൽ നിന്നുള്ള അണുബാധകൾ നേരിട്ട് വൃക്കകളിലേക്ക് പടരുകയോ രക്തപ്രവാഹത്തിലൂടെ ഫംഗസ് വ്യാപിക്കുകയോ ചെയ്യാം.
രോഗലക്ഷണങ്ങൾ:
മൂത്രം ഒഴിക്കുമ്പോൾ വേദനയും പുകച്ചിലും,അടിവയറ്റിൽ വേദന, മൂത്രത്തിനൊപ്പം രക്തസ്രാവം,പനി, വിറയൽ തുടങ്ങിയവ. രോഗം സമയത്ത് തിരിച്ചറിയാൻ കഴിയുന്നത് ഗുരുതര അവസ്ഥകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. കിഡ്നി ഫംഗസ് ശരിയായ ചികിത്സയിലൂടെ പൂര്‍ണമായും ശമിപ്പിക്കാൻ സാധിക്കും. എന്നാൽ, ഫംഗസ് ബാധ ആവർത്തിക്കാതിരിക്കാൻ പതിവായി പരിശോധന നടത്തേണ്ടതുണ്ട്.
ചികിത്സയ്ക്ക് വൈകുന്നത് വൃക്കകളുടെ ദീർഘകാല പ്രവർത്തന ശേഷിയെ അപായപ്പെടുത്തും. അതിനാൽ, ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ ഡോക്ടറുടെ ഉപദേശം തേടുക അനിവാര്യമാണ്.