ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? ഈ ഒരൊറ്റ പച്ചക്കറി കഴിക്കൂ, പരിഹരിക്കാം

Advertisement

അയേണ്‍ അഥവാ ഇരുമ്പ് എന്നത് ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍ വിളര്‍ച്ചയുണ്ടാകാം. അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍.

അയണിന്‍റെ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചീരയില്‍ 2.7 മൈക്രോഗ്രാം അയണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ചയെ തടയാന്‍ ചീര കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ചീര കഴിക്കുന്നത് അയേണിന്‍റെ ആഗിരണത്തിന് സഹായിക്കും. ഇതിനായി ബെല്‍ പെപ്പര്‍, നാരങ്ങ, ഓറഞ്ച് എന്നിവയ്ക്കൊപ്പം ചീര കഴിക്കാം.

നാരുകളാല്‍ സമ്പുഷ്ടമായ ചീര ദഹനത്തിനും ഏറേ നല്ലതാണ്. മലബന്ധത്തെ അകറ്റാനും ഇവ ഗുണം ചെയ്യും. വിറ്റാമിന്‍ കെ അടങ്ങിയ ചീര എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പൊട്ടാസ്യം അടങ്ങിയ ചീര ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചീര കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ അടങ്ങിയ ചീര വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ചീര കഴിക്കുന്നത് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.