പതിവായി നിങ്ങൾ പാരസെറ്റമോള്‍ കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിയണം

Advertisement

പാരസെറ്റമോൾ പതിവായി കഴിക്കുന്ന നിരവധി പേരെ നിങ്ങൾ‌ കണ്ടിട്ടുണ്ടാകും. പനിയോ തലവേദനയോ വന്നുകഴിഞ്ഞാൽ ഒരു പാരസെറ്റമോൾ ഗുളിക കഴിക്കുന്നവരാണ് അധികം ആളുകളും. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പെയിൻ കില്ലറാണ് പാരസെറ്റമോൾ. സാധാരണഗതിയിൽ സുരക്ഷിതവും അല്ലെങ്കിൽ ഏറ്റവും ഫലപ്രദമാണെന്ന് കരുതുന്ന പാരസെറ്റമോൾ ഗുളികയ്ക്ക് മാരകമായ പാർശ്വഫലങ്ങളുണ്ടെന്ന് മനസിലാക്കണം.

പാരസെറ്റമോളിന്റെ ഇടയ്ക്കിടെ അല്ലെങ്കിൽ അമിതമായ ഉപയോഗം കരളിൻ്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി വിദ​ഗ്ധർ പറയുന്നു. പാരസെറ്റമോളിന്റെ അമിതഉപയോഗം കരളിനെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. കൂടാതെ വർഷങ്ങളായുള്ള ഉപയോഗം വൃക്ക, കുടൽ, ഹൃദയം എന്നിവയേയും തകരാറിലാക്കും. പാരസെറ്റമോളിലെ NAPQI (എൻ- അസറ്റൈൽ പി-ബെൻസോക്യുനൈൻ) എന്ന മെറ്റബൊളൈറ്റാണ് അപകടകാരികൾ.

ഉയർന്ന അളവിൽ അല്ലെങ്കിൽ ദീർഘകാലം പാരസെറ്റമോൾ കഴിക്കുമ്പോൾ മരുന്ന് സുരക്ഷിതമായി പ്രോസസ്സ് ചെയ്യാനുള്ള കരളിൻ്റെ ശേഷിയെ മറികടക്കും. ഇത് NAPQI ശരീരത്തിൽ അടിഞ്ഞ് കൂടുന്നതിലേക്ക് നയിക്കും. ഇത് കരൾ കോശങ്ങളെ നശിപ്പിക്കുകയും ഗുരുതരമായ കേസുകളിൽ കരൾ തകരാറിലാകുകയും ചെയ്യുമെന്ന് ബിഡിആർ ഫാർമസ്യൂട്ടിക്കൽസ് ടെക്നിക്കൽ ഡയറക്ടർ ഡോ. അരവിന്ദ് ബാഡിഗർ പറഞ്ഞു.

പാരസെറ്റമോൾ പോലുള്ള മരുന്നുകൾ കഴിച്ചാലുള്ള അപകടസാധ്യതകൾ രോഗികൾ പലപ്പോഴും കുറച്ചുകാണുന്നു. അവ എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് അധികം ആളുകളും കരുതുന്നതായി ഡോ. അരവിന്ദ് പറഞ്ഞു.

ദിവസേനയുള്ള ചെറിയ അളവുകൾ പോലും പ്രത്യേകിച്ച് മദ്യപാനവുമായോ അല്ലെങ്കിൽ നിലവിലുള്ള കരൾ അവസ്ഥകളുമായോ സംയോജിപ്പിക്കുമ്പോൾ അപകടസാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു.

കരൾ കേടുപാടുകൾ തടയുന്നതിന് അപകടസാധ്യതകളെക്കുറിച്ചുള്ള പൊതുജന അവബോധം അത്യന്താപേക്ഷിതമാണ്. കരളിനെയും മൊത്തത്തിലുള്ള ക്ഷേമത്തെയും സംരക്ഷിക്കാൻ എല്ലായ്പ്പോഴും മരുന്നുകൾ സൂ​ക്ഷിച്ച് ഉപയോ​ഗിക്കുകയാണ് വേണ്ടതെന്നും വിദ​ഗ്ധർ പറയുന്നു.

പാരസെറ്റമോൾ അമിതമായി ഉപയോ​ഗിക്കുന്നത് കരളിന് പരിക്കേൽക്കുന്നതിനും കരൾ തകരാറിലാകുന്നതിനും കാരണമാകും. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം കേസുകൾ കൂടുതലായി നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിൽ അവ താരതമ്യേന അപൂർവമാണെന്നും ഡോ. അരവിന്ദ് പറഞ്ഞു. പാരസെറ്റമോൾ അമിതമായി കഴിക്കുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്.