പ്രതിരോധശേഷി കൂട്ടും, ചീത്ത കൊളസ്ട്രോൾ കുറയ്ക്കും ; കശുവണ്ടി കഴിക്കുന്നത് പതിവാക്കൂ

Advertisement

ധാരാളം പോഷക​ഗുണങ്ങൾ അണ്ടിപരിപ്പിൽ അടങ്ങിയിരിക്കുന്നു. കശുവണ്ടിയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

കശുവണ്ടിയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കശുവണ്ടി പതിവായി കഴിക്കുന്നത് വിവിധ അണുബാധകൾക്കുള്ള സാധ്യത കുറയ്ക്കും.

അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കുകയും മൃദുലവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുകയും പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കശുവണ്ടിയിൽ ഉയർന്ന അളവിൽ ചെമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ, എലാസ്റ്റിൻ എന്നിവ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ്. തണുപ്പ് കാലാവസ്ഥയിലും ചർമ്മം മൃദുലവും ജലാംശവും ഉള്ളതായി നിലനിർത്തുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

കശുവണ്ടിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പോഷകങ്ങളാണ് ഇവ. തണുത്ത കാലാവസ്ഥ സന്ധി വേദനയും കാഠിന്യവും വർദ്ധിപ്പിക്കും. കശുവണ്ടി ശക്തവും ആരോഗ്യകരവുമായ അസ്ഥികളെ നിലനിർത്താൻ സഹായിക്കുന്നു.

കശുവണ്ടിയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തണുപ്പ് മൂലം രക്തക്കുഴലുകൾ മുറുകുന്നതിനാൽ മഞ്ഞുകാലത്ത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാം. ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് കശുവണ്ടി സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.

കലോറി കൂടുതലാണെങ്കിലും കശുവണ്ടി മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.