പ്രമേഹരോഗികളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹരോഗികൾ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് വലിയ മാറ്റമുണ്ടാക്കും.
പ്രമേഹമുള്ളവർ കഴിയുന്നത്ര പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ശരീരത്തിന് ആവശ്യമായ മൂന്ന് മാക്രോ ന്യൂട്രിയൻ്റുകളിൽ ഒന്നാണ് പ്രോട്ടീൻ. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും HbA1c കുറയ്ക്കാനും സഹായിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രമേഹരോഗികൾ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
ഒന്ന്
ഡ്രൈ ഫ്രൂട്ട്‌സ് പ്രമേഹരോഗികൾക്കുള്ള മികച്ച പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. അതിൽ ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, പിസ്തയിൽ ഉയർന്ന പ്രോട്ടീൻ മാത്രമല്ല, ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണ്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും ഗ്ലൈസെമിക് സൂചിക നിയന്ത്രിക്കാനും സഹായിക്കും.
രണ്ട്
ചിയ സീഡ്, മത്തങ്ങ വിത്ത്, സൂര്യകാന്തി വിത്ത് തുടങ്ങിയവ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ദഹനത്തിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. സ്മൂത്തികൾ, തൈര്, അല്ലെങ്കിൽ സലാഡുകൾ എന്നിവയിൽ ഇത് ചേർത്ത് കഴിക്കാവുന്നതാണ്.
മൂന്ന്
പ്രോട്ടീൻ അടങ്ങിയ പയർവർഗങ്ങൾ രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ അളവും കുറയ്ക്കാൻ സഹായിക്കും. ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമായ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കൂടിയാണ്.
നാല്
മത്സ്യം, പ്രത്യേകിച്ച് സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ആരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
അഞ്ച്
ചിക്കനിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിൽ കോഴിയിറച്ചി ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കാര്യമായി ബാധിക്കാതെ നിലനിർത്താനും ഊർജ്ജം നൽകാനും സഹായിക്കും.
ആറ്
പ്രമേഹരോഗികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ഒരു മുട്ട 6-7 ഗ്രാം പ്രോട്ടീനും കൂടാതെ അവശ്യ പോഷകങ്ങളായ ബി 12, സെലിനിയം, വിറ്റാമിൻ ഡി എന്നിവയും നൽകുന്നു.
ഏഴ്
പ്രമേഹരോഗികൾക്ക് ഏറ്റവും ഫലപ്രദമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് കോട്ടേജ് ചീസ്. കാർബോഹൈഡ്രേറ്റും കുറവായതിനാൽ ഇത് പ്രമേഹരോഗികൾക്ക് ഉത്തമമാണ്. അമിനോ ആസിഡുകൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
എട്ട്
സാധാരണ ഉരുളക്കിഴങ്ങിനേക്കാൾ പ്രോട്ടീൻ കൂടുതലുള്ള കിഴങ്ങ് വർഗമാണ് മധുരക്കിഴങ്ങ്. ഒരു വലിയ (180 ഗ്രാം) മധുരക്കിഴങ്ങ് ഏകദേശം 3.6 ഗ്രാം പ്രോട്ടീനും വിറ്റാമിൻ എ, സി, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും നൽകുന്നു.