കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്. ഇത് പലപ്പോഴും അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫാറ്റി ലിവറിന്‍റെ (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അല്ലെങ്കിൽ NAFLD) ആദ്യഘട്ടങ്ങൾ ദോഷം വരുത്തില്ലെങ്കിലും, ചികിത്സിച്ചില്ലെങ്കിൽ അത് കരളിനെ പൂര്‍ണമായും നശിപ്പിക്കുകയോ അല്ലെങ്കിൽ ക്യാൻസറിലേയ്ക്ക് നയിക്കുകയോ ചെയ്യാം.
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്‍റെ ലക്ഷണങ്ങൾ പലപ്പോഴും സൂക്ഷ്മമാണ്. എന്തായാലും മുഖത്ത് കാണപ്പെടുന്ന ചില സൂചനകളെ തിരിച്ചറിയാം.
- ചർമ്മത്തിന് മഞ്ഞകലർന്ന നിറം
ചർമ്മത്തിലോ കണ്ണുകളിലോ മഞ്ഞകലർന്ന നിറം കാണപ്പെടുന്നുണ്ടെങ്കില്‍, അത് ചിലപ്പോള്‍ ഫാറ്റി ലിവറിന്‍റെ സൂചനയാകാം.
- കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ
ഉറക്കക്കുറവ്, നിർജ്ജലീകരണം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും കണ്ണുകൾക്ക് താഴെ ഇരുണ്ട വൃത്തങ്ങൾ കാണപ്പെടാം. ഒപ്പം ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയായും ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകാം.
- മുഖത്ത് വീക്കം
വീർത്തതോ വീക്കമുള്ളതോ ആയ മുഖം കരളിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം.
- മുഖക്കുരു
ഹോർമോണുകളെ നിയന്ത്രിക്കാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും കരൾ സഹായിക്കുന്നു. കരളിന്‍റെ ആരോഗ്യം മോശമാകുമ്പോള്‍ മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാം.
- മങ്ങിയ ചർമ്മം
മോശം കരളിന്‍റെ പ്രവർത്തനം പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാതെയും വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നതിലേക്കും നയിച്ചേക്കാം. ഇതു മൂലം ചർമ്മം മങ്ങിയതും ക്ഷീണിച്ചതുമായി കാണപ്പെടും.
- മുഖത്ത് ചുവപ്പ് നിറം
കരൾ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മോശം രക്തചംക്രമണം കാരണം മുഖത്ത് ചുവപ്പ് നിറം കാണപ്പെടാം.
- എണ്ണമയമുള്ള ചർമ്മം
ഫാറ്റി ലിവർ ഉണ്ടാകുമ്പോൾ, അമിതമായ എണ്ണ ഉൽപാദനം മൂലം നെറ്റിയിലും മൂക്കിലും എണ്ണമയമുള്ള ചർമ്മമായി കാണപ്പെടാം.
- വിളറിയ ചുണ്ടുകൾ
കരൾ പ്രവർത്തനരഹിതമായത് ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തെയും ഇരുമ്പിന്‍റെ അളവിനെയും ബാധിക്കും, ഇത് ചുണ്ടുകൾ വിളറിയതോ മഞ്ഞയോ ആയി കാണപ്പെടുന്നതിന് കാരണമാകുന്നു,
- ചൊറിച്ചിൽ അല്ലെങ്കിൽ വരണ്ട ചർമ്മം
നിരന്തരമായ ചൊറിച്ചിൽ, പ്രത്യേകിച്ച് ചര്‍മ്മത്തില്‍ വരണ്ട പാടുകൾ എന്നിവയും ഫാറ്റി ലിവറിന്‍റെ സൂചനയാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.