എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് ബാത്റൂം. എന്നാൽ വൃത്തിയില്ലാത്ത സ്ഥലവും വീടിന്റെ ബാത്റൂം തന്നെയായിരിക്കും. വെള്ളത്തിന്റെ സാന്നിധ്യം എപ്പോഴും ഉള്ളതുകൊണ്ട് തന്നെ അതിവേഗത്തിൽ പായലും പൂപ്പലും പടരാറുണ്ട്. ഇത് എല്ലാ വീടുകളിലേയും ബാത്റൂമുകളുടെ പ്രധാന പ്രശ്നമാണ്. എന്നാൽ ഇതിലൊക്കെയും ഉപരിയായി നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, എപ്പോഴും ആവർത്തിക്കുന്ന ചില അബദ്ധങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.
- ബാത്റൂമുകളിൽ പോയി പതിവായി നമ്മൾ മേക്കപ്പ് ചെയ്യാറുണ്ട്. എന്നാൽ ഉപയോഗിക്കുന്ന സാധനങ്ങൾ നമ്മൾ തിരിച്ചെടുക്കാറില്ല. ചിലർ എളുപ്പത്തിന് വേണ്ടി ബാത്റൂമിന് ഉള്ളിൽത്തന്നെ സൂക്ഷിക്കും. എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല. ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്ന മേക്കപ്പ് ഉത്പന്നങ്ങളിൽ ബാക്റ്റീരിയകൾ പടരാൻ സാധ്യതയുണ്ട്. ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് പലതരത്തിലുള്ള ചർമപ്രശ്നങ്ങൾ ഉണ്ടാകും.
- സ്ഥിരമായി കാണുന്ന മറ്റൊരു കാര്യമാണ് ബാത്റൂമിനുള്ളിൽ ആഭരണങ്ങൾ ഊരിവെക്കുന്ന രീതി. കൃത്യമായ വായു സഞ്ചാരം ഇല്ലാത്തതും എപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്നതും കൊണ്ട് തന്നെ ആഭരണങ്ങൾ പെട്ടെന്ന് മങ്ങി പോകാൻ ഇത് കാരണമാകും.
- ഇലക്ട്രോണിക് ഉപകരണങ്ങൾ എപ്പോഴും ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഉപകരണങ്ങളെ കേടുവരുത്തും. നനവേറ്റ് ഉപകരണങ്ങൾ എളുപ്പത്തിൽ തുരുമ്പെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ബാത്റൂമിനുള്ളിൽ ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ വാട്ടർപ്രൂഫ് ഉത്പന്നങ്ങൾ വാങ്ങിക്കാൻ ശ്രദ്ധിക്കണം.
- സ്ഥിരമായി ഉപയോഗിക്കാൻ വെക്കുന്ന ടവൽ, ടോയ്ലറ്റ് പേപ്പറുകൾ എന്നിവ എപ്പോഴും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാതിരിക്കുക. ബാത്റൂമിനുള്ളിലെ പൂപ്പലും അണുക്കളും ഇതിൽ എളുപ്പത്തിൽ പറ്റിപിടിക്കും. അണുക്കൾ അടിഞ്ഞുകൂടിയ ടവൽ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നുചേരുകയും ചെയ്യും.