കോളോറെക്ടൽ ക്യാൻസർ കേസുകൾ ഉയരുന്നു; അറിയാം കാരണങ്ങളും സൂചനകളും

Advertisement

മാർച്ച് മാസം ദേശീയ കോളോറെക്ടൽ ക്യാൻസർ അവബോധ മാസമാണ്. വൻകുടലിലെയും മലാശയത്തിലെയും അർബുദത്തിന്റെ സ്ക്രീനിംഗ്, പ്രതിരോധം, നേരത്തെ കണ്ടെത്തൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഇങ്ങനെയൊരു അവബോധ മാസം ആചരിക്കുന്നത്. കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം എന്നത് വൻകുടലിൻറെ ഭാഗമായ കോളോണിലും റെക്ടത്തിലുമെല്ലാമുണ്ടാകുന്ന അർബുദമാണ്.

ജനിതക കാരണങ്ങൾക്കപ്പുറം ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ് മലാശയ അർബുദങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയുടെ അമിത ഉപയോഗം, കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതും മലാശയ അർബുദ സാധ്യത കൂട്ടാം. അതുപോലെ അമിത മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ എന്നിവ കാരണവും ഈ ക്യാൻസർ സാധ്യത കൂടാം. യുവാക്കളിൽ വർധിച്ചുവരുന്ന മലാശയ അർബുദ മരണങ്ങൾക്കു പിന്നിൽ അമിതവണ്ണവും മദ്യപാനവുമാണെന്ന് അടുത്തിടെ ഒരു പഠനവും കണ്ടെത്തിയിരുന്നു. മിലാൻ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. അനാൽസ് ഓഫ് ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ലക്ഷണങ്ങൾ:

മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ ആണ് മലാശയ അർബുദത്തിൻറെ ഒരു പ്രധാന ലക്ഷണം. മലബന്ധം, വയറിളക്കം അടിക്കടി അനുഭവപ്പെടുക, മലത്തിൽ രക്തത്തിന്റെ സാന്നിധ്യം, വയറിൽ സ്ഥിരമായുള്ള വേദനയും അസ്വസ്ഥതയും വയറ്റിൽ നിന്ന് പോകുമ്പോൾ സ്ഥിരം രക്തസ്രാവം ഉണ്ടാകുന്നതും മലാശയ അർബുദത്തിൻറെ സൂചനയാകാം. മലത്തിൻറെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങൾ വരുക, എപ്പോഴും വയറ്റിൽ നിന്ന് പോകണമെന്നുള്ള തോന്നൽ, ഗ്യാസ്, മറ്റ് ദഹന പ്രശ്നങ്ങൾ, വിളർച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, തലച്ചുറ്റൽ തുടങ്ങിയവയൊക്കെ മലാശയ അർബുദത്തിൻറെ സൂചനകളായും കാണപ്പെടാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here