ആർത്തവ വിരാമത്തിലേക്കുള്ള സ്വാഭാവിക പരിവർത്തനത്തെ ശരീരം അടയാളപ്പെടുത്തുന്ന ‘ആർത്തവവിരാമ ലക്ഷണങ്ങൾ’ ആണ് പെരിമെനോപോസ് സൂചിപ്പിക്കുന്നത്. ആർത്തവവിരാമത്തിലേക്ക് നയിക്കുന്ന ഘട്ടമാണ് പെരിമെനോപോസ്. സ്ത്രീയുടെ ശരീരം ഈസ്ട്രജന്റെ ഉത്പാദനം പതുക്കെ കുറയ്ക്കുകയും അതിന്റെ ഫലമായി ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് സാധാരണയായി 40-കളിൽ ആരംഭിക്കുന്നു.
ക്രമരഹിതമായ ആർത്തവം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഉറക്കത്തിലെ അസ്വസ്ഥതകൾ, യോനിയിലെ വരൾച്ച എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ആർത്തവവിരാമം ആരംഭിച്ചാൽ പെരിമെനോപോസ് അവസാനിക്കുന്നു. തുടർച്ചയായി 12 മാസം ആർത്തവം ഇല്ലാതാകുമ്പോൾ ഇത് കാണപ്പെടുന്നുവെന്ന് ജേണൽ ഓഫ് വിമൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പെരിമെനോപോസ് ശരീഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആർത്തവവിരാമത്തിന് വിധേയരാകുന്ന സ്ത്രീകളിൽ ഏകദേശം 39 ശതമാനം പേരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽ, ഹോർമോൺ വ്യതിയാനങ്ങൾ, ഉപാപചയ നിരക്ക് കുറയൽ, പേശികളുടെ അളവ് കുറയൽ എന്നിവയുടെ ഫലമായി ആർത്തവവിരാമ സമയത്ത് സ്ത്രീകളിൽ ശരീരഭാരം വർദ്ധിക്കുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് വർദ്ധിക്കുന്നു.
ആർത്തവവിരാമത്തിനു ശേഷമുള്ള ശരീരഭാരം എങ്ങനെ കുറയ്ക്കാം?
സമീകൃതാഹാരം ശീലമാക്കുക
ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്ക് അമിത വിശപ്പ് അനുഭവപ്പെടുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണക്രമം പാലിക്കുക. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവ പരിമിതപ്പെടുത്തുക.
വ്യായാമങ്ങൾ പതിവാക്കൂ
നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തൽ, നൃത്തം തുടങ്ങിയ വ്യായാമങ്ങൾ കലോറി എളുപ്പം കുറയ്ക്കും. ഇവ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഭാരം ഉറപ്പാക്കുകയും ചെയ്യുന്നതിനാൽ പെരിമെനോപോസ് ശരീരഭാരം തടയാൻ സഹായിക്കും. ഈ ഘട്ടത്തിൽ സ്ത്രീകൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ കാർഡിയോ വ്യായാമം ചെയ്യണം.
സമ്മർദ്ദം കുറയ്ക്കുക
ആർത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളേക്കാൾ ആർത്തവവിരാമത്തിന്റെ ആദ്യ ഘട്ടത്തിലും അവസാന ഘട്ടത്തിലും ഉള്ള സ്ത്രീകൾക്ക് ഉയർന്ന തോതിലുള്ള സമ്മർദ്ദം അനുഭവപ്പെടുന്നതായി മെനോപോസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഉയർന്ന അളവിലുള്ള സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് കൂട്ടാം. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും, പ്രത്യേകിച്ച് വയറിലെ ഭാഗത്ത്. അതിനാൽ യോഗ, ധ്യാനം, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക.
നന്നായി ഉറങ്ങുക
ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പതിവായി ഉറങ്ങാൻ പോകുന്ന സമയക്രമം ശീലമാക്കുക.
ധാരാളം വെള്ളം കുടിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കുകയും, മെറ്റബോളിസം വർദ്ധിപ്പിക്കുകയും, വയറു വീർക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ആർത്തവവിരാമത്തോട് അടുക്കുമ്പോൾ, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.