വേനൽക്കാലം എന്നാൽ തണ്ണിമത്തൻ സീസൺ കൂടിയാണല്ലോ. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷകങ്ങളും നൽകുന്നു. തണ്ണിമത്തനിൽ 95% വരെയും ജലാംശം ഉണ്ട്. അതിനാൽ വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് നിർജ്ജലീകരണത്തെ തടയാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും. ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. തണ്ണിമത്തൻ കുരുവും പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്. മഗ്നീഷ്യം, അയേൺ, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ തണ്ണിമത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ശരീരഭാരം നിയന്ത്രിക്കാൻ
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, തണ്ണിമത്തൻ വിത്തുകൾ കഴിക്കുക. കാരണം ഇവയിൽ ഫൈബറും അടങ്ങിയിട്ടുണ്ട്, കലോറിയും കുറവാണ്.
- പോഷക സമ്പുഷ്ടം
മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, നിരവധി ബി വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.
- ആരോഗ്യകരമായ കൊഴുപ്പുകൾ
തണ്ണിമത്തൻ വിത്തുകൾ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യും.
- ഹൃദയാരോഗ്യം
ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഈ വിത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
- ദഹനം
തണ്ണിമത്തൻ വിത്തുകളിലെ ഉയർന്ന അളവിലുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
6 . ആൻറി ഓക്‌സിഡൻറുകളാൽ സമ്പന്നം
ആൻറി ഓക്‌സിഡൻറ് ഗുണങ്ങളും ഈ വിത്തുകളിലുണ്ട്.
- എല്ലുകളുടെ ആരോഗ്യം
തണ്ണിമത്തൻ കുരു ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ സഹായിക്കും.
- ഊർജം
ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയ തണ്ണിമത്തൻ കുരു ശരീരത്തിന് വേണ്ട ഊർജം പകരാൻ സഹായിക്കും.
- ചർമ്മം
വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയിരിക്കുന്നതിൽ തണ്ണിമത്തൻ കുരു ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
- തലമുടിയുടെ ആരോഗ്യം
തണ്ണിമത്തൻ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ നിങ്ങളുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.