വെപ്പുപല്ല് ഇനി വേണ്ട, സ്വന്തം കോശങ്ങളിൽ നിന്ന് ലാബിൽ നിർമ്മിച്ച പല്ലുകളുമായി ശാസ്ത്രജ്ഞർ

Advertisement

ആരോഗ്യമുള്ള, ഭംഗിയുള്ള പല്ലുകൾ നമ്മുടെ ആത്മവിശ്വാസം വരെ കൂട്ടും. എന്നാൽ പല കാരണങ്ങൾ കൊണ്ടും പല്ലുകളുടെ ആരോഗ്യം മോശമാകാം, പല്ലുകൾ നശിക്കാം, ചിലർക്ക് പല്ലുകൾ കൊഴിയാറുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പല്ല് കൊഴിയൽ. ഇത്തരം സാഹചര്യത്തിൽ പൊതുവേ ഫില്ലിംഗുകളോ ​​ഡെന്റൽ ഇംപ്ലാന്റുകളോ ആണ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ മനുഷ്യൻറെ പല്ലുകൾ ആദ്യമായി ലാബിൽ വളർത്തിയെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

ലണ്ടനിലെ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഒരു ലാബിൽ മനുഷ്യന്റെ പല്ലുകൾ വളർത്തി ആരോഗ്യ രംഗത്ത് പുതിയൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. ഇനി ഭാവിയിൽ നഷ്ടപ്പെട്ട പല്ലുകൾ വീണ്ടെടുക്കാൻ ഫില്ലിംഗുകൾക്കോ ​​ഡെന്റൽ ഇംപ്ലാന്റുകൾക്കോ ​​പകരമുള്ള ചികിത്സാരീതിക്കായി ഇവ ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. പല്ലിന്റെ വളർച്ചയ്ക്ക് ആവശ്യമായ പരിസ്ഥിതിയെ അനുകൂലിക്കുന്ന ഒരു വസ്തു സംഘം വികസിപ്പിച്ചെടുത്തു, ഇത് കോശങ്ങൾക്ക് സിഗ്നലുകൾ അയക്കാനും പല്ല് രൂപപ്പെടാനും സഹായകമാകുന്നു. രോഗിയുടെ സ്വന്തം കോശങ്ങളിൽ നിന്ന് നിർമ്മിച്ച ലാബിൽ വളർത്തിയ പല്ല് എങ്ങനെ താടിയെല്ലിൽ സംയോജിച്ച് സ്വാഭാവിക പല്ല് പോലെ സ്വയം നന്നാക്കാമെന്നും പഠനം വിശദീകരിക്കുന്നുണ്ട്.

പൊതുവേ സ്രാവുകൾ, ആനകൾ തുടങ്ങിയ ചില മൃഗങ്ങൾക്ക് പുതിയ പല്ലുകൾ വളർത്താനുള്ള കഴിവുണ്ടെങ്കിലും മനുഷ്യർക്ക് പ്രായപൂർത്തിയായതിനുശേഷം ഒരു സെറ്റ് പല്ലുകൾ മാത്രമേ വളർത്താൻ കഴിയൂ. അതിനാൽ പല്ലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് ദന്തചികിത്സയ്ക്ക് ഒരു നാഴികക്കല്ലാകുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. പല്ലുകൾ വളരാൻ ആവശ്യമായ അന്തരീക്ഷം ശാസ്ത്രജ്ഞർ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ലാബിൽ നിന്ന് ഈ പല്ലുകൾ രോഗിയുടെ വായിൽ എങ്ങനെ വയ്ക്കുമെന്ന് ഇനിയും കണ്ടെത്തണം.

Advertisement