പനി വന്നാൽ ഉടൻ ആന്റിബയോട്ടിക്കുകൾ തേടി പോകുന്നത് അവസാനിപ്പിക്കുക; ഇല്ലെങ്കിൽ നേരിടേണ്ടി വരുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ, മുന്നറിയിപ്പുമായി വിദ​ഗ്ദ്ധർ

Advertisement


കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നു വ്യത്യസ്തമായി മൂന്നാം തരംഗത്തിൽ കണ്ടുവരുന്ന അപകരകമായ ഒരു പ്രവണത സ്വയം ചികിത്സയാണ്. ആദ്യ രണ്ടു തരംഗങ്ങളിൽ സിഎഫ്എൽടിസികളെയും ആശുപത്രികളെയും ഇ-സഞ്ജീവനി പോലുള്ള സർക്കാർ സേവനങ്ങളയുമൊക്കെ ആശ്രയിച്ചു മാത്രം ചികിത്സ തേടിയിരുന്ന ഒരു ജനതയായിരുന്നെങ്കിൽ ഇപ്പോൾ കോവിഡ് വളരെ ലഘാവത്തോടെ കണ്ട് മെഡിക്കൽ സ്റ്റോറുകളിൽ നിന്നൊക്കെ സ്റ്റിറോയ്ഡും ആന്റിബയോട്ടിക്കുകളും ഉൾപ്പടെയുള്ള മരുന്നുകൾ വാങ്ങിക്കഴിച്ച് സ്വയംചികിത്സ നടത്തുന്നവരാണ് അധികം. ഈ സ്വയംചികിത്സ നമ്മെ കൊണ്ടെത്തിക്കുന്നത് വലിയൊരു വിപത്തിലേക്കാണ്. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സ നടത്തേണ്ട രോഗങ്ങൾക്ക് അതുപയോഗിക്കുമ്പോൾ ശരീരംതന്നെ അതു നിരാകരിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്നം നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന കാര്യം സ്വയംചികിത്സ നടത്തുന്നവർ അറിഞ്ഞിരിക്കണം. ഈ അപകടകരമായ പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് കോവിഡിനെക്കാൾ വലിയ വിപത്തായിരിക്കുമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി. പത്മകുമാർ ഓർമിപ്പിക്കുന്നു.

കോവിഡിന്റെ മൂന്നാം വ്യാപനം അതിരൂക്ഷമായതോടെ വീടുകളിൽ പരിചരണം നടത്തുന്നവരുടെ എണ്ണവും വർധിച്ചു. മാത്രമല്ല ഇവരൊക്കെ വീട്ടിൽ ചികിത്സയും തുടരുന്നുണ്ട്. ഒരാൾക്ക് പനി വന്നാൽ ആ വീട്ടിലെ എല്ലാ അംഗങ്ങളെയും രോഗം ബാധിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. കോവിഡ് അല്ലാതെ സാധാരണ വൈറൽ പനി, ഫ്ലൂ, ജലദോഷപ്പനി തുടങ്ങിയവയും ഇപ്പോൾ വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു പനിക്കാലമാണെന്നു പറയാം. എന്നാൽ ഇതൊന്നും കൃത്യമായി പരിശോധിച്ചറിയാതെ വീടുകളിൽത്തന്നെ കഴിയുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഇതോടൊപ്പംതന്നെ കാണുന്ന ഒരു വലിയ പ്രശ്നമാണ് ആളുകൾ മരുന്നുകൾ സ്വയം വാങ്ങിക്കഴിച്ച് സ്വയം ചികിത്സ നടത്തുത്. പനി മരുന്നകൾ സ്വയം വാങ്ങിക്കഴിച്ച് സ്വയം ചികിത്സ നടത്തുന്നത് അപകടമാണ്. അത് ഒഴിവാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഒരു മുന്നറിയിപ്പും വന്നിരുന്നു.

ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് എങ്ങനെ ഇവർ സ്വയംചികിത്സ നടത്തുന്നു? ഇതിന്റെ ദോഷവശങ്ങൾ അറിയാതെയാണ് പലരും ഇതുവാങ്ങിക്കഴിച്ച് താൽക്കാലിക ആശ്വാസം കണ്ടെത്തുന്നത്. ‘അസിത്രോമൈസിൻ’ എന്ന വളരെ ഫലപ്രദമായിട്ടുള്ള ആന്റിബയോട്ടിക് ആണ് കോവിഡ് രോഗികൾ പലരും വാങ്ങിക്കഴിക്കുന്നത്. സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഐസിഎംആറോ ആരുംതന്നെ കോവിഡ് ചികിത്സയ്ക്ക് ആന്റിബയോട്ടിക്കുകൾ ഫലപ്രദമാണെന്ന് സൂചിപ്പിച്ചില്ല, അവർ നിർദേശിച്ചിട്ടുമില്ല. പനി കുറയ്ക്കും അല്ലെങ്കിൽ ഗുരുതരമാകുന്നത് തടയും എന്നുള്ള പ്രതീക്ഷയോടുകൂടിയാണ് പലരും അസിത്രോമൈസിൻ വാങ്ങിക്കഴിക്കുന്നത്. എന്നിട്ടോ, ഇടയ്ക്ക് വച്ച് അസുഖം മാറുമ്പോൾ കോഴ്സ് പൂർത്തിയാക്കാതെ ആന്റിബയോട്ടിക് നിർത്തുന്നവരുണ്ട്. കോഴ്സ് പൂർത്തിയാക്കിയാൽതന്നെ ആവശ്യമില്ലാത്ത ആന്റിബയോട്ടിക് ഉപയോഗം ഇവിടെ നടത്തുന്നവരുണ്ട്. വെറും പനി മരുന്ന് എന്ന രീതിയിൽ ഈ ആന്റിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം വ്യാപകമായി ഇപ്പോൾ നിലവിലുണ്ട്.

ആന്റിബയോട്ടിക്കുകൾ ഏൽക്കാത്ത രോഗാണുക്കളുടെ ആവിർഭാവം അതായത് ആന്റിബയോട്ടിക് റസിസ്റ്റൻസ് എന്നത് ആഗോളവ്യാപമായി വലിയൊരു പൊതുജനാരോഗ്യപ്രശ്നമാണ്. ഇത് വളരെ നിശബ്ദമായി നിൽക്കുന്നുണ്ട്. കോവിഡ് ചിലപ്പോൾ ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞോ ഏതാനും മാസങ്ങൾക്കു ശേഷമോ മാറിയെന്നു വരാം. അതു കഴിയുമ്പോൾ നമ്മുടെ സമൂഹം ഒന്നടങ്കം അഭിമുഖീകരിക്കാൻ പോകുന്ന വലിയ വിപത്തായി ഈ ആന്റിബയോട്ടിക് റസിസ്റ്റൻസ് മാറിയെന്നു വരാം. മരുന്നുകൾ ഏൽക്കാത്ത രോഗാണുക്കളുടെ ആവിർഭാവം വലിയൊരു ഗുരുതര പ്രശ്നമാണ്. ഇന്ത്യയിൽ പ്രത്യേകിച്ചും ഇത് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുമുണ്ട്. ന്യുമോണിയ അല്ലെങ്കിൽ സെപ്ടിസീമിയ പോലുള്ള ആസുഖങ്ങൾവന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവർക്ക് ഒരു മരുന്നും ഏൽക്കാത്ത ഗരുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകാം. മൾട്ടി ഡ്രഗ്റസിസ്റ്റന്റ് ഓർഗാനിസം എന്ന അവസ്ഥയുണ്ട്. പല ആന്റിബയോട്ടിക്കുകൾക്കും എതിരായിട്ട് റസിസ്റ്റൻസ് ഡെവലപ് ചെയ്യുന്ന രോഗാണുക്കളുടെ ആവിർഭാവം ഉണ്ടാകുന്നു. ഇതിന്റെ ഒരു പ്രാധന കാരണം ഈ ആന്റിബയോട്ടിക്കകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ്. അതിലേക്കു നയിക്കുന്ന ഒരു കാരണമായി കോവിഡ് ചികിത്സയ്ക്ക് വിദഗ്ധോപദേശം സ്വീകരിക്കാതെ വാങ്ങിക്കഴിക്കുന്ന ഈ ആന്റിബയോട്ടിക്കുകൾ മാറിയേക്കാമെന്ന് ലോകാരോഗ്യസംഘടനതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കോവിഡിനെക്കാൾ വലിയ വിപത്താകും ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗത്താൽ അഭിമുഖീകരിക്കാൻ പോകുന്നത്. കാരണം ഈ മരുന്ന് ഏൽക്കാത്ത രോഗാണുക്കളുടെ ഏറ്റവും വലിയ പ്രശ്നം നമ്മൾ അഭിമുഖീകരിച്ചത് ടിബിയുടെ കാര്യത്തിലാണ്. ആളുകൾ നിസ്സഹായരായി നമ്മുടെ മുമ്പിൽ അവശരായി മരിച്ചു വീഴുന്നത് കണ്ടിട്ടുണ്ട്. കൊടുക്കുന്ന മരുന്നൊന്നും ഏൽക്കുന്നില്ല. മൾട്ടി ഡ്രഗ് റസിസറന്റ് ടിബി (എംഡിആർ ടിബി) എന്നു ടിബിയുടെ കാര്യത്തിൽ പറഞ്ഞതു പോലെ ഐസിയുവിലൊക്കെ പ്രവേശിപ്പിക്കുന്ന പല രോഗികൾക്കും ഏറ്റവും കൂടിയ ഡോസ് ആന്റിബയോട്ടിക് കൊടുത്താൽ പോലും അതെല്ലാം റസിസ്റ്റന്റ് എന്നു പറഞ്ഞുവരുന്ന ഒരു സാഹചര്യം ഇപ്പോഴുണ്ട്. ഇത് കൂടുതൽ സങ്കീർണമാകാനുള്ള സാഹചര്യമാണുള്ളത്.

ഏകദേശം 75 ശതമാനം ആൾക്കാർ ആന്റിബയോട്ടിക് കോവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചപ്പോൾ ഇതിൽ എട്ട്ശതമാനം ആൾക്കാർക്ക് മാത്രമേ ശരിയായ രീതിയിലുള്ള ഇൻഫെക്‌ഷൻ ഉണ്ടായിരുന്നുള്ളുവെന്നാണ് പല പഠനങ്ങളും നടത്തിയതിൽ നിന്നു മനസ്സിലായത്. ബാക്കിയെല്ലാവരും വെറുതേ ഉപയോഗിച്ചുവെന്നേ ഉള്ളു. ഇന്ത്യയിൽ നടത്തിയ പല പഠനങ്ങളും തെളിയിക്കുന്നത് ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം പലയിടങ്ങളിലും കോവിഡുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്നുതന്നെ. ആന്റിബയോട്ടിക്കുകളുടെ കച്ചവടത്തിലും വർധന ഉണ്ടായിട്ടുണ്ട്. ഇതിനെതിരായി ഒരു നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ജനങ്ങൾ ഇതിനെക്കുറിച്ച് ബോധവാൻമാരാകണം. ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല എന്നുള്ള കൃത്യമായ ഒരു സന്ദേശം ജനങ്ങളിലെത്തിക്കണം. ഇത് വളരെ സൂക്ഷ്മതയോടു കൂടി ഉപയോഗിക്കേണ്ട മരുന്നാണ്. കഴിഞ്ഞ 20 വർഷമായി പുതിയ ഒരു ആന്റിബയോട്ടിക് പോലും നമുക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതുതന്നെ വലിയൊരു ഗുരുതരാവസ്ഥയാണ് സൂചിപ്പിക്കുന്നത്. ഉള്ള മരുന്നുകൾ കൊണ്ട് മുന്നോട്ടു പോകാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അവിടെ ഒരു കരുതൽ വേണം.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്റ്റിറോയ്ഡുകളുടെ ദുരുപയോഗവും നടക്കുന്നുണ്ട്. കാറ്റഗറി ബിയിലും സിയിലും പെട്ട ഓക്സിജൻ ആവശ്യമായി വരുന്ന രോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം സ്റ്റിറോയ്ഡുകൾ ഗുളികകളായോ ഇൻജെക്‌ഷൻ രൂപത്തിലോ ഇൻഹേലറായോ എടുക്കാൻ നിർദേശമുണ്ട്. പോസ്റ്റ് കോവിഡ് പോലുള്ള ലോങ് കോവിഡ് ആളുകൾക്കും വീട്ടുമാറാത്ത ചുമ്മയും വിമ്മിട്ടവുമൊക്കെ വരുമ്പോൾ സ്റ്റിറോയ്ഡ് ഇൻഹേലർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ വെറും ഗൃഹപരിചരണത്തിൽ കഴിയുന്ന കാറ്റഗറി എ യിൽ പെട്ടവരും സ്റ്റിറോയ്ഡ് വാങ്ങിക്കഴിക്കുന്ന വലിയൊരു പ്രശ്നം ഇപ്പോൾ കാണുന്നുണ്ട്. ഇതിന്റെ വിപത്ത്, സ്റ്റിറോയ്ഡ് പ്രത്യേകിച്ച് പ്രമേഹ രോഗികളും മറ്റും ഉപയോഗിച്ചു കഴിഞ്ഞാൽ ബ്ലാക് ഫംഗസ് പോലുള്ള പ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതലാണ്. മറ്റു രോഗാവസ്ഥകളില്ലാത്തവരിൽപ്പോലും സ്റ്റിറോയ്ഡ് ഉപയോഗത്താൽ പ്രമേഹം അധികരിക്കുകയും രക്തസമ്മർദം ഉയരുകയും അസ്ഥികൾക്ക് പെട്ടലുണ്ടാകുക ശരീരഭാരം വർധിക്കുക, പേശികൾക്കു തളർച്ച , ഉദര രക്തസ്രാവം തുടങ്ങി പല പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് സ്റ്റിറോയ്ഡ് ഉപയോഗിക്കുമ്പോൾ പ്രമേഹമുള്ളവർക്ക് അത് നിയന്ത്രണാതീതമാകുന്നു, ബ്ലാക് ഫംഗസ് പോലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. സ്റ്റിറോയ്ഡ് കോവിഡിനുള്ള ചികിത്സ അല്ല. കാറ്റഗറി ബി, സി എന്നു പറയുന്ന ഗുരുതര രോഗമുള്ളവർക്ക് ഓക്സിജൻ ആവശ്യമായി വരുന്ന ഘട്ടത്തിൽ മാത്രമാണ് ഡോക്ടറുടെ നിർദേശപ്രകാരം സ്റ്റിറോയ്ഡ് ഉപയോഗിക്കേണ്ടത്.

കോവിഡ് എന്നറിഞ്ഞാൽ പലരും ആദ്യംചെയ്യുന്നത് ഡോളോ, പാരസെറ്റമോൾ ഗുളികൾ വെറുതേ അങ്ങ കഴിക്കുകയാണ്. പലപ്പോഴും കോവിഡ് കാറ്റഗറി എയിൽ പെട്ടവർക്ക് വലിയ താപനിലയൊന്നും ഉണ്ടാകില്ല. ഇവർക്ക് സാധാരണ ജലദോഷ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. പാരസെറ്റമോൾ 500, 650 എന്നീ രണ്ടു ഡോസിലാണുള്ളത്. പനി ഉണ്ടെങ്കിൽതന്നെ, സാധാരണ ശരീരഭാരമുള്ളവർക്ക് 500 മില്ലിഗ്രാമിന്റെത് മൂന്നുനേരം കഴിച്ചാൽ മതിയാകും. 650 എംഎൽ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. കരൾ രോഗമുള്ളവർ, ഫാറ്റി ലിവർ, ക്രോണിക് ലിവർ ഡിസീസ് തുടങ്ങിയ രോഗമുള്ളവർ 650ന്റേത് മൂന്നും നാലും നേരമൊക്കെ കഴിച്ചാൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. പാരസെറ്റമോൾ എന്നു പറയുന്നത് ഒരു സിംപ്റ്റമാറ്റിക് ട്രീറ്റ്മെന്റു മാത്രമാണ്. ഇതിന് യാതൊരുവിധ ആന്റിവൈറൽ പ്രോപ്പർട്ടിയും ഇല്ല. പനി ഉള്ളപ്പോൾ രണ്ടോ മൂന്നോ ഗുളികകൾ കഴിക്കാം എന്നതല്ലാതെ ‍ഡോളോ വാങ്ങി അഞ്ചും ആറും ദിവസമൊക്കെ വെറുതേ കഴിക്കുന്ന രീതികാണുന്നുണ്ട്. ഇതോടൊപ്പംതന്നെ മറ്റു വേദനസംഹാരികളായ ഡൈക്ലോസിൻ, വോവറാൻ പോലുള്ള ഗുളികകൾ വാങ്ങിക്കഴിക്കുന്നതിന്റെ ഫലമായി പ്രശ്നം ഉദരപ്രശ്നങ്ങൾ, ഉദര രക്തസ്രാവം ആമാശയവ്രണം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബോഡി കോക്ടെയ്‌ൽ ചികിത്സയ്ക്ക് ചെലവ് ഒന്നു മുതൽ രണ്ടു ലക്ഷം വരെയാണ്. ഇവിടെയും അനാവശ്യ കച്ചവടം നടക്കുന്നുണ്ട്. ഈ ചികിത്സ ആർക്കൊക്കെ വേണം, എങ്ങനെ വേണം എന്നതു സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. 60 വയസ്സു പിന്നിട്ടവർക്കും, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം ദീർഘകാല കരൾ, വൃക്ക, ശ്വാസകോശ രോഗങ്ങളുള്ളവർ, കാൻസർ രോഗികൾ തുടങ്ങിയവർക്കും കോവിഡ് വന്നുകഴിഞ്ഞാൽ അത് ഗുരുതരമാകാതിരിക്കാൻ വേണ്ടി ആദ്യഘട്ടത്തിൽ നൽകുന്ന ഒരു പ്രിവന്റീവ് ട്രീറ്റ്മെന്റാണ് കോക്ടെയ്ൽ ചികിത്സ. അല്ലാതെ രോഗം ഗുരുതരമായവർക്കോ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചവർക്കോ ഓക്സിജൻ ആവശ്യമായി വരുന്നവർക്കോ ഒന്നും ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. മാത്രവുമല്ല ടെസ്റ്റ് പോസിറ്റീവായി എത്രയും പെട്ടെന്ന് നൽകകേണ്ട ഒരു ചികിത്സയാണ് ഇത്. എന്നാൽ ഇപ്പോൾ മുപ്പതു വയസ്സൊക്കെയുള്ള മറ്റ് യാതൊരു ആരോഗ്യപ്രശ്നവുമില്ലാത്തവർ പോലും വിളിച്ച് ഡോക്ടറേ ഞാൻ കോവിഡ് പോസിറ്റീവാണ്, പോയി കോക്ടെയ്ൽ ട്രീറ്റ്മെന്റ് എടുക്കട്ടെ എന്നു ചോദിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. കാശുള്ളവർ വെറുതേ ആശുപത്രിയിൽ പോയി ഈ ചികിത്സ എടുക്കുന്നുമുണ്ട്. ഇത് അനാവശ്യ പണച്ചെലവ് ഉണ്ടാക്കുന്നു എന്നതല്ലാതെ ഇതുകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. വില കൂടിയ മരുന്ന് ആയതുകൊണ്ട് ഗുണം ചെയ്യും എന്ന മിഥ്യാധാരണയാണ് പലർക്കുമുള്ളത്.

പുതുക്കിയ നിർദേശം അനുസരിച്ച് വീട്ടിൽ കഴിയുന്ന രോഗികൾ ഏഴുദിവസം നിരീക്ഷണത്തിൽ കഴിയുകയും അവസാന മൂന്നു ദിവസം പനി ഇല്ലെങ്കിൽ വീണ്ടും ടെസ്റ്റ് ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നാണ്. അവർക്കു നേരേ അവരുടെ ജോലിക്കും മറ്റും പോകാം. മാസ്ക് പോലുള്ളവ ഉപയോഗിക്കണമെന്നു മാത്രം. പക്ഷേ ഏഴു ദിവസം ആകുമ്പോൾ പോയി വീണ്ടും ആർടിപിസിആർ ചെയ്യുന്നു അത് വീണ്ടും പോസിറ്റീവാകുന്നു വീണ്ടും അനാവശ്യമായി മരുന്ന് കഴിക്കുന്നു ഇങ്ങനെ അനാവശ്യ ടെസ്റ്റിങും മരുന്ന് ഉപയോഗവും പലരിലും കാണുന്നുണ്ട്. വീടുകളിൽ ആന്റിജൻ കിറ്റുവാങ്ങി സ്വയം ടെസ്റ്റ് ചെയ്യുന്നു, ഇതിന്റെ കൃത്യമായ റിപ്പോർട്ടിങ് ഉണ്ടാകുന്നില്ല. സർക്കാർ വളരെ കരുതലോടെ കൈകാര്യം ചെയ്യുമ്പോൾ നമ്മൾ ലാഘവത്തോടെ എടുക്കാൻ പാടില്ല. ഗൃഹപരിചരണത്തിൽ അനാവശ്യചികിത്സ, സ്വയംചികിത്സ, സ്വയംപരിശോധനകൾ എന്നിവ വേണ്ട.

പനി വന്നാൽ നിസ്സാരമായി എടുക്കരുത്. കുടുംബ ഡോക്ടറുമായോ അല്ലെങ്കിൽ ചെറിയ ക്ലിനിക്കിലോ ഇ സഞജീവനി പോലുള്ളവയുടെ സേവനമോ ടെലിമെഡിസിൻ പോലുള്ള‍ മാർഗങ്ങളിലൂടെയോ ഡോക്ടറുമായി കൺസൽറ്റ് ചെയ്ത് വേണ്ട നിർദേശം സ്വീകരിക്കുക. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തവർ വീടുകളിൽതന്നെ കഴിയുക, ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ മാത്രം ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കുക, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് മാത്രമാണ് എന്തെങ്കിലും ചികിത്സ ആവശ്യമായി വരുന്നത്. അതും വിദഗ്ധോപദേശം സ്വീകച്ചു മാത്രം ചെയ്യുക. മരുന്നുകളുടെ അനാവശ്യ ഉപയോഗത്തിൽ നിന്നു വിട്ടു നിൽക്കുക.