ഒമിക്രോൺ വൈറസ് വകഭേദം എലികളിൽ നിന്നാണെന്ന് ​ഗവേഷകർ

Advertisement

ബീജിംഗ് : കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വന്നത് എലികളിൽ നിന്നാകാമെന്ന് ചൈനീസ് ഗവേഷകർ .

വൈറസ് മനുഷ്യരിൽ നിന്ന് എലികളിലേക്ക് പകരുകയും പിന്നീട് അത് ഒന്നിലധികം വകഭേദങ്ങൾക്ക് വിധേയമാകുകയും ചെയ്തുവെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു . ഇതിന് ശക്തമായ തെളിവുകളുണ്ടെന്നും അവർ അവകാശപ്പെടുന്നു.

ഒമിക്രോണിന്റെ അഞ്ച് വകഭേദങ്ങൾ എലിയുടെ ശ്വാസകോശ സാമ്പിളുകളിൽ കണ്ടെത്തിയതാണ് ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത് .

ഒമിക്രോണിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർ തുടർച്ചയായി മാറ്റിക്കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഈ വകഭേദത്തിന് പല തരത്തിലും മാറ്റങ്ങളുണ്ടാകുന്നുണ്ട് . അവ കുറച്ച്‌ രോഗികളിൽ നിന്നുള്ള ക്ലിനിക്കൽ സാമ്പിളുകളിൽ വളരെ അപൂർവമായി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, മറ്റ് വകഭേദങ്ങളുടെ ഏതെങ്കിലും ഇന്റർമീഡിയറ്റ് പരിണാമ ശാഖയിൽ ഇത് കണ്ടിട്ടില്ലെന്നും പഠനം പറയുന്നു.

ടിയാൻജിനിലെ നങ്കായ് സർവകലാശാലയിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെയും ഗവേഷകർ നടത്തിയ പഠനം ബയോസേഫ്റ്റി ആൻഡ് ബയോസെക്യൂരിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ഒമിക്രോണിന്റെ ഉത്ഭവം അജ്ഞാതമായി തുടരുന്നുവെന്നും ഇതിൽ 50-ലധികം മ്യൂട്ടേഷനുകൾ അടങ്ങിയിരിക്കുന്നുവെന്നും, അവയിൽ പലതും മുമ്പത്തെ വേരിയന്റുകളിൽ കാണുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.