കൊച്ചി: വേനലിനോടടുക്കുന്ന കാലാവസ്ഥയിൽ ജലജന്യരോഗങ്ങളായ ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ പടരാൻ സാധ്യതയേറെയായതിനാൽ ജനങ്ങൾ അതിജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.
പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി വരും ദിവസങ്ങളിൽ കുടിവെള്ളം കൊണ്ടുവരുന്ന ടാങ്കർ ലോറികൾ, ഹോട്ടലുകൾ, വഴിയോര ഭക്ഷണ ശാലകൾ, കൂൾ ബാറുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. ഈ വർഷം ഇതുവരെ ജില്ലയിൽ 2972 പേർക്ക് വയറിളക്കരോഗങ്ങളും സംശയിക്കുന്ന എട്ട് ടൈഫോയിഡ് കേസും രണ്ടു മഞ്ഞപ്പിത്ത കേസും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലത്തിൽ രക്തം കാണുക, അതിയായ വയറിളക്കവും ഛർദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം എന്നിവ ഉണ്ടായാൽ പാനീയ ചികിത്സ നൽകുന്നതോടൊപ്പം തന്നെ അടിയന്തര വൈദ്യസഹായം തേടണം.
ദിവസങ്ങളോളം നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയിഡിന്റെ സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. ടാപ്പിൽനിന്നുമുള്ള വെള്ളം കുടിക്കുന്നതും വഴിയോരത്തുനിന്ന് ഐസ് വാങ്ങിച്ചു കഴിക്കുന്നതും ടൈഫോയിഡ് പോലെയുള്ള രോഗങ്ങൾ പിടിപെടാൻ കാരണമാകുന്നുണ്ട്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭലക്ഷണങ്ങൾ.
പാനീയ ചികിത്സ പ്രധാനം
വയറിളക്കത്തിനു ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം സംഭവിച്ചു മരണകാരണമായേക്കാം. വയറിളക്ക ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്ബോൾ തന്നെ പാനീയ ചികിത്സ ഉടൻ തുടങ്ങണം. ഇതിനായി ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തയാറാക്കിയ ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം എന്നിവ ഇടക്കിടെ നൽകണം.
ശ്രദ്ധിക്കാം ഇവയെല്ലാം
ടാങ്കറുകളിൽ ജലവിതരണം നടത്തുന്നവർ രജിസ്റ്റർ ചെയ്യണം. കുടിവെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കണം. വെള്ളനിറത്തിൽ കോട്ടിങ് ഉള്ള ടാങ്കുകൾ ഉപയോഗിക്കണം. കിണറുകളിലെ വെള്ളവും പരിശോധനക്ക് വിധേയമാക്കുകയും ക്ലോറിനേഷൻ ചെയ്യുകയും വേണം. ശൗചാലയമാലിന്യം കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം.
ചടങ്ങുകൾക്കും മറ്റും വെൽക്കം ഡ്രിങ്ക് ഒഴിവാക്കുകയാണ് ഉചിതം. അഥവാ തയാറാക്കുകയാണെങ്കിൽ ശുദ്ധമായ വെള്ളവും ഐസും ഉപയോഗിച്ചാണെന്നും ഉറപ്പുവരുത്തണം. നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ഒരു കാരണവശാലും തിളച്ച വെള്ളത്തിൽ പച്ചവെള്ളം ചേർക്കരുത്. പുറമെ നിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക. പുറത്തുപോകുമ്പോൾ കുടിവെള്ളം കരുതുക.