ന്യൂഡൽഹി: ദിവസേന പാരസിറ്റമോൾ കഴിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന് പഠനം. ഹൃദയാഘാത സാധ്യത + 20 ശതമാനത്തോളം വർദ്ധിപ്പിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.
ഐബുപ്രോഫെൻ പോലുള്ള പല വേദനസംഹാരികൾക്കും പകരമായി പാരസിറ്റമോൾ കൂടുതൽ പ്രയോജനകരമാകുമെന്നായിരുന്നു കാലാകാലങ്ങളായി ഡോക്ടർമാർ വിശ്വസിച്ചു വന്നിരുന്നത്. രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതുൾപ്പടെയുള്ള പാർശ്വഫലങ്ങൾ ഐബുപ്രോഫിന്റെ കാര്യത്തിൽ ഉണ്ടാകാനിടയുണ്ട് എന്നതിനാലായിരുന്നു ഇത്.
എന്നാൽ, ഇപ്പോൾ പാരസിറ്റമോളിനും സമാനമായ പാർശ്വഫലം ഉണ്ട് എന്നാണ് എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് ഒരുപക്ഷെ ഇതാദ്യമായി തെന്ന നടന്ന പരീക്ഷണത്തിൽ തെളിഞ്ഞത് വെറും നാല് ദിവസം തുടർച്ചയായി പാരസിറ്റമോൾ കഴിക്കുമ്പോൾ തന്നെ രക്തസമ്മർദ്ദം വർദ്ധിക്കുന്നു എന്നാണ്. ഇതിൽ നിന്നാണ് പാരസിറ്റമോളിന്റെ സ്ഥിരം ഉപയോഗം – പ്രതിദിനം 4 ഗ്രാം അല്ലെങ്കിൽ എട്ട് ഗുളികകൾ- ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന അനുമാനത്തിൽ അവർ എത്തിച്ചേർന്നത്.
അതേസമയം, വല്ലപ്പോഴും ഒരു പനിയേയൊ തലവേദനയേയൊ ചെറുക്കുന്നതിനായി പാരസിറ്റമോൾ കഴിക്കുന്നതുകൊണ്ട് ദോഷമില്ല എന്നും ഈ ഗവേഷകർ പറയുന്നു. എന്നാൽ, ദീർഘകാല ഉപയോഗത്തിനായി പാരസിറ്റമോൾ നിശ്ചയിക്കുമ്പോൾ, ഡോക്ടർമാർ അവയുടെ അളവ് പുനർനിർണ്ണയം ചെയ്യണമെന്നാണ് ഗവേഷകർ പറയുന്നത്. പ്രത്യേകിച്ചും ഹൃദ്രോഗമുള്ളവർക്കും ഹൃദ്രോഗ സാധ്യതയുള്ളവർക്കും ദീർഘനാളത്തേക്ക് പാരസിറ്റമോൾ നിർദ്ദേശിക്കുമ്പോൾ കുറഞ്ഞ അളവിൽ മാത്രമേ നിർദ്ദേശിക്കാവൂ.
ഹ്രസ്വകാല ഉപയോഗം പ്രശ്നങ്ങൾ ഉണ്ടാക്കില്ല എങ്കിലും പാരസിറ്റമോളിന്റെ പാർശ്വഫലങ്ങളെ കുറിച്ച് രോഗികൾ ബോധവാന്മാരായിരിക്കണം; ഏറ്റവും കുറഞ്ഞ സമയത്തേക്ക് സാധ്യമായതിൽ ഏറ്റവും കുറഞ്ഞ അളവിലുള്ള പാരസിറ്റമോൾ ആയിരിക്കണം അത് ആവശ്യമുള്ളവർക്ക് ഡോക്ടർമാർ നിർദ്ദേശിക്കേണ്ടതെന്നും ഗവേഷകർ പറയുന്നു.
അതുപോലെ ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ മാത്രമേ പാരസിറ്റമോൾ കഴിക്കാൻ പാടുകയുള്ളു. ഏകദേശം 110രോഗികളിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലം സർക്കുലേഷൻ എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.