ഏപ്രിൽ 25 ലോക മലമ്പനിദിനം; ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

Advertisement

തിരുവനന്തപുരം: മലമ്പനി അഥവാ മലേറിയ ആരംഭത്തിലേ കണ്ടെത്തി സമ്പൂർണ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

മലമ്പനിയ്ക്ക് മറ്റ് പനികളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ പനി, മലമ്പനിയാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സർക്കാർ ആശുപത്രികളിൽ മലമ്പനിയ്ക്കെതിരെയുള്ള സമ്പൂർണ ചികിത്സയും, പരിശോധനകളും തികച്ചും സൗജന്യമായി ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടന്നുവരികയാണ്. അതിനൊപ്പം മലമ്പനി നിർമ്മാർജനത്തിന് കൊതുക് നിവാരണ പ്രവർത്തനങ്ങളിലും ഏവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

2007 മുതൽ ലോകാരോഗ്യ സംഘടന ഏപ്രിൽ 25ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നു. ‘മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാർഗങ്ങൾ പ്രയോജനപ്പെടുത്താം’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025ഓടെ കേരളത്തിൽ നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതെയാക്കുവാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. മലമ്പനി നിവാരണത്തിനുള്ള കർമ്മ പദ്ധതി തയ്യാറാക്കി അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാൽസിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാൻ സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെൺ വിഭാഗത്തിൽപ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകർത്തുന്നത്.

രോഗലക്ഷണങ്ങൾ

പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച്‌ ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.

രോഗ പ്രതിരോധ മാർഗങ്ങൾ

കൊതുകുകടി ഏൽക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധ ജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.

Advertisement