ശർക്കരയിലെ മായം കണ്ടെത്തണം’; ‘ഓപ്പറേഷൻ ജാഗറി’യുമായി ആരോഗ്യവകുപ്പ്

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച ‘നല്ല ഭക്ഷണം നാടിൻറെ അവകാശം’ എന്ന ക്യാമ്പയിൻറെ ഭാഗമായി ശർക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂർ ശർക്കര കണ്ടെത്താൻ ഇന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായും 387 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 88 സർവയലൻസ് സാമ്പിളും 13 സ്റ്റാറ്റ്യൂട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിർമാണശാലകൾ മുതൽ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങൾ വരെ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

ഇടുക്കി ജില്ലയിലെ മറയൂർ കാന്തല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ശർക്കരയാണ് ‘മറയൂർ ശർക്കര’ എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിൻറെ അംശവും അടങ്ങുന്ന മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാൽ ഗുണമേന്മ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശർക്കര കൃത്രിമ നിറങ്ങൾ ചേർത്ത് മറയൂർ ശർക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താൻ തീരുമാനം എടുത്തത്.

Advertisement