മുലയൂട്ടുന്ന അമ്മമാരെ കാത്തിരിക്കുന്ന മഴക്കാല രോഗം, മുലക്കണ്ണിലെ പൂപ്പല്‍; ശ്രദ്ധിക്കാതിരുന്നാല്‍ ഗുരുതരമാകാം

Advertisement


മഴക്കാലമെത്തുന്നത് പലപ്പോഴും പല രോഗങ്ങളെയും കൂട്ടിയാണ്. ഇത്തരത്തില്‍ ഒരു മഴക്കാല രോഗമാണ് മുലക്കണ്ണിലെ ഫംഗസ് ബാധ. മുലയൂട്ടുന്ന അമ്മമാരിലാണ് സാധാരണയായി ഇത് കാണുന്നത്. ഏറെ വേദനയുണ്ടാക്കുന്ന ഒരു രോഗം കൂടിയാണിത്.

അന്തരീക്ഷത്തിലെ ആര്‍ദ്രതയുടെ അളവ് കൂടുന്നതാണ് മഴക്കാലത്ത് ഈ രോഗം കൂടാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഫംഗസ് ബാധ വളരെ വേഗം തന്നെ ശരീരത്തില്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. മിക്ക സ്ത്രീകളിലും പലതരത്തിലുള്ള പൂപ്പല്‍ രോഗങ്ങള്‍ കാണാറുണ്ടെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരയകള്‍ ഇവയെ നിയന്ത്രിക്കുന്നതിനാല്‍ പലപ്പോഴും ഇവ അധികരിക്കാറില്ല. എന്നാല്‍ ഈ നല്ല ബാക്ടീരിയകളുടെ എണ്ണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അസന്തുലിതത്വം ഉണ്ടാകുമ്പോഴാണ് ഫംഗസ് ബാധ രൂക്ഷമാകുന്നത്.

ശരീരത്തിലെ ഈസ്ട്രജന്‍ അളവ് കൂടുന്നതും ഗര്‍ഭനിരോധ ഗുളികകളുടെ ഉപയോഗവും വിളര്‍ച്ചയും മുലക്കണ്ണിലെ പൊട്ടലുകളും മറ്റും ഇത്തരം ഫംഗസ് ബാധക്ക് ആക്കം കൂട്ടുന്നു. കുഞ്ഞിന് പാല് കൊടുക്കുന്നതിന് പിന്നാലെ ഉണ്ടാകുന്ന വേദന, പൊള്ളുന്നതുപോലെയും നീറുന്നതുപോലെയുമുള്ള അനുഭവങ്ങള്‍, നീര്, മുലക്കണ്ണിന് ചുറ്റുമുണ്ടാകുന്ന ചുവപ്പ് നിറം എന്നിവയാണ് ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍.

ഇത്തരം പ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. ഉടന്‍ തന്നെ ഡോക്ടര്‍മാരെ കാണേണ്ടതുണ്ട്. ഓരോരുത്തരിലും ഓരോ തരം ചികിത്സകളാകും ഫലം കാണുക. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ചികിത്സ നടത്തുക. സ്വയം ചികിത്സ അരുത്.

ഇതിന് പുറമെ നിങ്ങളും ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. മാറിടം എപ്പോഴും ശുചിയായി സൂക്ഷിക്കുക, കുഞ്ഞിന് മുലയൂട്ടുന്നതിന് മുന്‍പും പിന്‍പും കൈകള്‍ നന്നായി കഴുകുക., അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണവ.

Advertisement