മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ക്ളറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് തസ്തികയിൽ 5486 തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്തംബർ 27. ഓൺലൈനിൽ ആണ് അപേക്ഷിക്കേണ്ടത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമോ അതല്ലെങ്കിൽ തത്തുല്യയോഗ്യതയോ വേണം. അപേക്ഷിക്കാനുള്ള പ്രായം 2022 ആഗസ്റ്റ് ഒന്നിന് 20-28 വരെയാണ്. പട്ടികവിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി.സിക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. അതോടൊപ്പം തന്ന വിമുക്തഭടൻമാർക്കും ഇളവുണ്ട്.
പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓൺലൈൻ പരീക്ഷകളാണ് രണ്ടുവിഭാഗങ്ങളിലും നടക്കുക. ഒരു മണിക്കൂർ ദൈർഘ്യമുള്ള ആദ്യഘട്ട പ്രിലിമിനറി പരീക്ഷ നവംബറിലായിരിക്കും നടക്കുന്നത്.
ഇംഗ്ളീഷ് ഭാഷ, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി ഉൾപ്പെടെ നൂറ് ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ട്. ഇതിന് നൂറുമാർക്കാണ്. ഒരു മണിക്കൂർ നീളുന്നതാണ് പരീക്ഷ. മെയിൻ പരീക്ഷയും ഒബ്ജക്ടീവ് മാതൃകയിലാണ്.
ഭാഷ അറിയണം
ഉദ്യോഗാർത്ഥികൾക്ക് ഒരൊറ്റ സംസ്ഥാനത്തിൽ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ആ സ്ഥലത്തെ ഔദ്യോഗിക, അതല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. പ്രാദേശികഭാഷയിലെ അറിവ് പരിശോധിക്കാൻ ഭാഷാ പരീക്ഷയും ഉണ്ടാകും. പത്താം ക്ളാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ളാസ് വരെ പ്രാദേശിക ഭാഷ പഠിച്ചെന്ന് കാണിക്കാൻ മാർക്ക് ഷീറ്റോ, സർട്ടിഫിക്കറ്റോ ഹാജരാക്കുന്നവർക്ക് പരീക്ഷ എഴുതേണ്ടതില്ല.
17,900-47,920. www.sbi.co.in, www.bank.sbi എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്.
കേരളത്തിലെ
പരീക്ഷാകേന്ദ്രങ്ങൾ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊച്ചി, പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അപേക്ഷ ഇങ്ങനെ
അപേക്ഷാഫീസ് 750 രൂപയാണ്. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഫീസ് ഡെബിറ്റ്, ക്രെഡിറ്റ്, കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനെ ഓൺലൈനിൽ അപേക്ഷ അയക്കാം. എങ്ങനെ അപേക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം വിജ്ഞാപനത്തിലുണ്ട്.