ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കേന്ദ്ര സർവീസിലെ 35 ഗ്രൂപ്പ് ബി.സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംബെയ്ൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഒഴിവ് വരുന്ന തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. അവസാനതീയതി ഒക്ടോബർ 8.
വിവിധ തസ്തികകൾ
അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഇൻസ്പെക്ടർ (ഇൻകം ടാക്സ്, സെൻട്രൽ എക്സൈസ്, പ്രിവന്റീവ് ഓഫീസർ, എക്സാമിനർ), സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ പോസ്റ്റ്സ്, ഡിവിഷണൽ അക്കൗണ്ടന്റ്, ഓഡിറ്റർ, അക്കൗണ്ടന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിംഗ് അസിസ്റ്റന്റ്, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യു.ഡി ക്ളാർക്ക്, ടാക്സ് അസിസ്റ്റന്റ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്.
യോഗ്യത. അംഗീകൃത സർവകലാശാല ബിരുദം തത്തുല്യം
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയിൽ സ്റ്റാറ്റിസ്റ്റിക്സ് പ്രധാന വിഷയമായി പഠിച്ച ബിരുദം, അല്ലെങ്കിൽ പ്ളസ്ടു തലത്തിൽ മാത്തമാറ്റിക്സ് അറുപത് ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മറ്റു തസ്തികകളുടെ വിശദവിവരങ്ങളും അപേക്ഷയും ssc.nic.in ൽ.
പരീക്ഷാകേന്ദ്രങ്ങൾ
കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരീക്ഷാസെന്ററുകളുണ്ട്. അപേക്ഷകർക്ക് മൂന്നെണ്ണം മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്തശേഷം മാറ്റം അനുവദനീയമല്ല. ആദ്യഘട്ട പരീക്ഷ ഡിസംബറിലായിരിക്കും. നാലുഘട്ടങ്ങളിലായാണ് പരീക്ഷ പൂർണമാകുന്നത്. പരീക്ഷാ സിലബസും വെബ്സൈറ്റിൽ ലഭിക്കും.