ഇന്ത്യന്‍ഓയില്‍ കോര്‍പറേഷനില്‍ വിവിധ ട്രേഡുകളില്‍ 265 അവസരം

Advertisement

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാർക്കറ്റിങ് വിഭാഗം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 265 ഒഴിവുണ്ട്. ഇതിൽ 54 ഒഴിവ് കേരളത്തിലാണ്. ചെന്നൈ ആസ്ഥാനമായുള്ള ഡിവിഷനുകീഴിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരിയുമാണ് ഉൾപ്പെടുന്നത്. പരീക്ഷ കൊച്ചി ഉൾപ്പെടെ വിവിധകേന്ദ്രങ്ങളിൽ നടക്കും.
വിഭാഗങ്ങൾ

അക്കൗണ്ട്സ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അക്കൗണ്ട്സ് വിഭാഗത്തിലേക്ക് ബിരുദധാരികൾക്കാണ് അവസരം. ഡേറ്റാ എൻട്രി ഓപ്പറേറ്റർ, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ് എന്നിവയിലേക്ക് സ്കിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം.

കാലാവധി

അക്കൗണ്ട്സ് വിഭാഗത്തിലേക്ക് 12 മാസം അല്ലെങ്കിൽ 13 മാസവും 20 ദിവസവുമാണ് കാലാവധി. ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് 15 മാസത്തെയും റീട്ടെയിൽ സെയിൽസ് അസോസിയേറ്റിന് 14 മാസത്തെയും പരിശീലനമാണ് ലഭിക്കുക.

യോഗ്യത

അക്കൗണ്ട്സ് എക്സിക്യുട്ടീവ്/ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗത്തിലേക്ക് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദമാണ് യോഗ്യത. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനവും മറ്റുള്ളവർക്ക് 50 ശതമാനവും മാർക്ക് ഉണ്ടായിരിക്കണം. ഡേറ്റാ എൻട്രി ഓപ്പറേറ്റർ, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ് എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ 12-ാം ക്ലാസ് പാസായവരായിരിക്കണം. ബിരുദധാരികളായിരിക്കരുത്. ഇതിനുപുറമേ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ്), റീട്ടെയിൽ സെയിൽസ് അസോസിയേറ്റ് (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ്) എന്നിവയിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് ഒരുവർഷത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സിലൂടെ അംഗീകൃതസ്ഥാപനത്തിൽനിന്ന് ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ/റീട്ടെയിൽ ട്രെയിനി അസോസിയേറ്റർ എന്നിവയിൽ സ്കിൽ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. വിദൂരവിദ്യാഭ്യാസം വഴിയോ പാർട്ട്ടൈമായോ നേടിയ യോഗ്യതകൾ പരിഗണിക്കുകയില്ല. കേന്ദ്രഗവൺമെന്റിന്റെ അപ്രന്റിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർചെയ്തവരായിരിക്കണം

തിരഞ്ഞെടുപ്പ്

നവംബർ 27-ന് എഴുത്തുപരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക്: www.iocl.comഅവസാന തീയതി: നവംബർ 12-ന് വൈകീട്ട് അഞ്ച്

Advertisement