തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍. 87 തസ്തികകളില്‍ നേരിട്ടുള്ള നിയമനമായിരിക്കും. 25 തസ്തികയില്‍ തസ്തിക മാറ്റം വഴി നിയമനത്തിനും 7 തസ്തികയില്‍ പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിനും 134 തസ്തികളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനത്തിനുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഫെബ്രുവരി 1 രാത്രി 12 മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന സമയവും തീയതിയും.
വിവിധ വിഷയത്തില്‍ അധ്യാപകര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍, സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് എന്നിവ ഉള്‍പ്പെടെ 253 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം. കേരള സിവില്‍ പൊലീസ് സര്‍വീസില്‍ എസ്‌ഐ (ട്രെയിനി), ആസൂത്രണ ബോര്‍ഡില്‍ ചീഫ്, പൊതുമരാമത്തും ജലസേചനവും വകുപ്പുകളില്‍ അസി. എന്‍ജിനിയര്‍, കോളേജുകളില്‍ വിവിധ വിഷയത്തില്‍ അസി. പ്രൊഫസര്‍, കോളേജ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ഹൈസ്‌കൂള്‍, എല്‍പി അധ്യാപകര്‍ എന്നിവയാണ് മറ്റ് പ്രധാന തസ്തികകള്‍. എല്‍ഡി ടൈപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് എന്നീ തസ്തികകളിലേക്കുള്ള പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക നിയമനവും സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ വിജ്ഞാപനങ്ങളും ഉള്‍പ്പെടും.