സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. 156 ഒഴിവാണുള്ളത്. ഇതിൽ 137 ഒഴിവ് ജൂനിയർക്ലാർക്ക്/കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-5, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-5, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-2, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-5, ടൈപ്പിസ്റ്റ്-2 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. ജൂൺ 23 (വൈകീട്ട് 5 മണി) വരെ അപേക്ഷ സ്വീകരിക്കും.
നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
പ്രായം: 1/1/2023ൽ 18-40 വയസ്സ്. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കും. കൂടാതെ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റ് മതങ്ങളിലേക്ക് പരിവർത്തനംചെയ്യപ്പെട്ടവരുടെ കുട്ടികൾക്കോ ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവും മറ്റ് പിന്നാക്കവിഭാഗത്തിനും വിമുക്തഭടൻമാർക്കും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (EWS) മൂന്നുവർഷത്തെ ഇളവും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെ ഇളവും വിധവകൾക്ക് അഞ്ചുവർഷത്തെ ഇളവും ലഭിക്കുന്നതാണ്.
പരീക്ഷ:സഹകരണപരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷ 80 മാർക്കിനാണ്. ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിനായിരിക്കും. അഭിമുഖത്തിന് ഹാജരായാൽ മിനിമം 3 മാർക്ക് ലഭിക്കും. ബാക്കി 12 മാർക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനാണ്.
ഫീസ്: ഒന്നിൽ കൂടുതൽ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാം. പൊതുവിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും (സഹകരണ ചട്ടം 183 (1)) പ്രകാരം ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാഫീസായി അടയ്ക്കണം. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടർന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി അടയ്ക്കണം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചലാൻ/ ഡിമാൻഡ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ.
അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചലാൻവഴി നേരിട്ട് അടയ്ക്കാവുന്നതാണ്. ചലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോമിനൊപ്പം ലഭ്യമാണ്. അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽനിന്ന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെപേരിൽ തിരുവനന്തപുരത്ത് ക്രോസ്ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാഫീസായി സ്വീകരിക്കുകയുള്ളൂ. അക്കൗണ്ടിൽ പണമടച്ചതിന്റെ ചലാൻ രസീത്/ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കംചെയ്തിരിക്കേണ്ടതും ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിക്കേണ്ടതുമാണ് വിജ്ഞാപനത്തീയതിക്കുശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ അതത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ.
അപേക്ഷ: വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.keralacseb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽതന്നെ 23.05.2023-ന് വൈകുന്നേരം 5 മണിക്കുമുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്.
അപേക്ഷാഫോമും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽതന്നെ സമർപ്പിക്കണം. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പും കൂടാതെതന്നെ അപേക്ഷ നിരസിക്കും. നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നൽകുന്നതല്ല.ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695001.