ആലപ്പുഴ: പത്താം ക്ലാസ് മുതല്‍ പിജി വരെയുള്ള ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് ജോലി നേടാൻ സുവര്‍ണ്ണാവസരം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് ആലപ്പുഴ എസ് ഡി കോളേജില്‍ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേളയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ജോലി സ്വന്തമാക്കാം. ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യൂഎംഎസ്) എന്ന പോര്‍ട്ടൽ വഴി മാത്രമാണ് തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ആളുകൾക്ക് അവസരമുള്ളത്.
ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാം
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യൂഎംഎസ്) എന്ന പോര്‍ട്ടല്‍ വഴിയോ പ്ലേസ്റ്റോറില്‍ ലഭിക്കുന്ന ഡി ഡബ്ല്യൂ എം എസ് കണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ ആണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഗൂഗിളില്‍ ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടല്‍ എന്ന് സെര്‍ച്ച് ചെയ്ത് ജോബ് സീക്കറുടെ ലോഗിന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന സ്‌ക്രീനില്‍ ലോഗിന്‍ ഐഡി (ഇ-മെയില്‍ ഐ ഡി), പാസ്വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്താല്‍ പ്രൊഫൈല്‍ പേജ് ലഭിക്കും. ഇതില്‍ ഡയറക്ട് ജോബ് ഓപ്പണിംഗ് എന്നതിന് താഴെ വ്യൂ ജോബ് ഫെയര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിലവിലെ ജോബ് ഫെയറുകളുടെ വിവരങ്ങള്‍ കാണാം. പേജില്‍ മുകളിൽ കാണുന്ന കലണ്ടറില്‍ തീയതി 2025 ഫെബ്രുവരി 15 എന്ന് ടൈപ്പ് ചെയ്ത് കൊടുക്കുക. സ്‌ക്രീനില്‍ വരുന്ന വിജ്ഞാന ആലപ്പുഴ മെഗാ ജോബ് ഫെയര്‍ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ പല കമ്പനികളിലെ തൊഴിലവസരങ്ങളും അതിൽ ദൃശ്യമാകും. തൊഴില്‍ അന്വേഷിക്കുന്നര്‍ക്ക് തങ്ങളുടെ പ്രവൃത്തി പരിചയത്തിനും അഭിരുചിക്കും ചേര്‍ന്ന തൊഴില്‍ കണ്ടെത്തി കൃത്യമായി അപേക്ഷിക്കാൻ കഴിയും. വിവരങ്ങള്‍ക്ക് https:knoweldgemission.kerala.gov.in/ എന്ന വെബ്സൈറ്റ് നോക്കുക.
അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസരിച്ചുള്ള തൊഴിലുകള്‍ ലഭ്യമാക്കുകയെന്നതാണ് വിജ്ഞാന ആലപ്പുഴ തൊഴില്‍മേളയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍, കേരള നോളജ് ഇക്കോണമി മിഷന്‍(കെ കെ ഇ എം), കെ-ഡിസ്‌ക്, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫെബ്രുവരി 15ന് നടക്കുന്ന തൊഴില്‍മേളയില്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി അപേക്ഷിച്ചു വരുന്ന തൊഴിലന്വേഷകര്‍ക്ക് നേരിട്ട് എന്‍ട്രിയുണ്ടാകുന്നതാണ്.