വയനാട്: ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമായി നീക്കിവെച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
രണ്ട് വിഭാഗങ്ങളിലായി ആകെ 500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പൊതു വിഭാഗത്തിൽ 60 ശതമാനവും വനം വകുപ്പിൽ താത്കാലികമായി ജോലി ചെയ്യുന്നവർക്ക് 40 ശതമാനം ഒഴിവുകളാണ് നീക്കിവെച്ചത്. രണ്ടു വിഭാഗത്തിലും 20 ശതമാനം ഒഴിവുകൾ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി പാസ്സായവർക്കും, കോഴ്സ് പൂർത്തിയായവരുമായ 18 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വനാശ്രിതരാണ് അല്ലെങ്കിൽ വനം വകുപ്പിൽ താത്കാലികമായി ജോലി ചെയ്യുന്നു എന്ന് ബന്ധപ്പെട്ട ഫോറസ്റ്റ് അധികാരികൾ നൽകിയ സർട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് ഉദ്യേഗാർത്ഥികൾ അടുത്തുള്ള ട്രൈബൽ ഓഫീസ്, ഫോറസ്റ്റ്, പി.എസ്.സി ഓഫീസുകളുമായി ബന്ധപ്പെടണം. അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18.