പാചകത്തില്‍ വെളിച്ചെണ്ണയുടെ സ്ഥാനം എത്രത്തോളം വലുതാണെന്ന കാര്യം നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ വിപണിയില്‍ പല തരത്തിലുള്ള വെളിച്ചെണ്ണകള്‍ സുലഭമാണ്. നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്നും അത് ഒറിജിനല്‍ ആണോ എന്നും നമുക്ക് ഉറപ്പില്ല. വെളിച്ചെണ്ണയില്‍ മായം ചേര്‍ന്നിട്ടുണ്ടോയെന്ന് ഇനി വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്.
അതിനായി രണ്ട് ടീ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ ഒരു മിനിറ്റ് ചൂടാക്കുക മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കരിഞ്ഞ മണം വരും. മറിച്ച് നല്ല വെളിച്ചെണ്ണയാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ മണം ആര്‍ക്കും വേഗം മനസ്സിലാക്കാന്‍ കഴിയുന്നതാണ്. രണ്ടാമതായി ഒരു ബൗളില്‍ അല്‍പം വെളിച്ചെണ്ണ എടുത്തുവയ്ക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ യെല്ലോ ബട്ടര്‍ ചേര്‍ക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടെങ്കില്‍ അതു മായം കലര്‍ന്നതാണെന്ന് മനസ്സിലാക്കാം. വെളിച്ചെണ്ണയ്ക്ക് മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ ശുദ്ധവുമാണ്.
അടുത്തതായി ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് രണ്ട് മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കാം. മായം കലര്‍ന്ന വെളിച്ചെണ്ണയെങ്കില്‍ അതിലുള്ള മായം കുപ്പിയുടെ മുകളില്‍ ദ്രവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും. ശുദ്ധമായ വെൡച്ചെണ്ണ വേഗം കട്ടപിടിക്കുന്നതു കാണാം. മായം കലര്‍ന്ന വെളിച്ചെണ്ണയ്ക്ക് അല്പം മഞ്ഞ നിറമായിരിക്കും.