ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വീടുകളില്‍ കേക്കുണ്ടാക്കി വില്‍പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ലാതെ വീടുകളില്‍ കേക്കുണ്ടാക്കി വില്‍ക്കുന്നതിന് വിലക്ക്. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി എടുക്കാനാണ് നിര്‍ദേശം.
വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിച്ച് വില്‍പന നടത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഒരു വര്‍ഷത്തേക്കുള്ള ലൈസന്‍സ് ഫീസ് 100 രൂപയാണ്. ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റിയുടെ കീഴിലുള്ള FoSCoS എന്ന പോര്‍ട്ടല്‍ വഴി സ്വന്തമായി അപേക്ഷിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ഏഴ് ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ ലഭിക്കും.
വില്‍പനക്കായി വീടുകളില്‍ നിര്‍മിക്കുന്ന കേക്കടക്കമുള്ള ഭക്ഷ്യ വസ്തുക്കളില്‍, കേടാകാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയത്. വിലക്ക് ലംഘിച്ച് വില്‍പന നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനയും കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷനില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ വിറ്റാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം.