വിറക് കത്തിച്ച് പാചകം ചെയ്യുന്ന രീതികളൊക്കെ കഴിഞ്ഞു. ഇന്ന് എല്ലാ അടുക്കളയിലും ഗ്യാസ് സ്റ്റൗവുണ്ട്. അതുകൊണ്ട് തന്നെ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഗ്യാസ് സ്റ്റൗവിലാണ് പാകം ചെയ്യുന്നത്. എന്നാൽ ഉപയോഗം കൂടുന്നതിന് അനുസരിച്ച് ഗ്യാസ് സ്റ്റൗ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ കാലക്രമേണ ബർണറിൽ നിന്നും വരുന്ന തീയുടെ അളവും കുറയാറുണ്ട്. ബർണറിൽ അഴുക്കുകൾ അടിഞ്ഞുകൂടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി.
- വെള്ളം തിളപ്പിച്ചതിന് ശേഷം ചെറുചൂടോടെ ഒരു പാത്രത്തിലേക്ക് ഒഴിക്കണം. ശേഷം വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് ചേർത്ത് മിക്സ്
ചെയ്ത് കൊടുക്കാം. - മിക്സ് ചെയ്ത ചൂടുവെള്ളത്തിലേക്ക് ബർണറുകൾ മുക്കിവയ്ക്കാം. ആവശ്യമെങ്കിൽ ഇതിലേക്ക് നാരങ്ങ മുറിച്ചത് കൂടെ ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം മൂന്ന് മണിക്കൂറോളം അങ്ങനെ തന്നെ വച്ചിരിക്കണം.
- അതിനുശേഷം സ്‌ക്രബർ ഉപയോഗിച്ച് ബർണർ ഉരച്ച് കഴുകണം. ഒരിക്കൽ ഉരച്ചതിന് ശേഷം ഡിഷ് വാഷ് ഉപയോഗിച്ച് ഒന്നുകൂടെ ഉരച്ച് കഴുകാം.
- ഉരച്ച് കഴുകിയതിന് ശേഷം ടൂത്പിക്ക് ഉപയോഗിച്ച് ബർണറിലെ ഹോളുകൾ വൃത്തിയാക്കണം. വേണമെങ്കിൽ പിന്നും ഉപയോഗിക്കാവുന്നതാണ്.
- കഴുകി വൃത്തിയാക്കിയതിന് ശേഷം ബർണറുകൾ വൃത്തിയുള്ള തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം. ഇത് നിങ്ങളുടെ ബർണറിനെ പുതിയത് പോലെയാക്കും.