അടുക്കളയിൽ പാറ്റ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. സിങ്ക്, ക്യാബിനറ്റുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പാറ്റയുടെ ശല്യം അഭിമുഖീകരിക്കാത്തവരായി ആരുമുണ്ടാകില്ല. പാത്രങ്ങളിലും മറ്റും പാറ്റ വന്നിരിക്കുന്നത് അസുഖങ്ങൾ പടരാനും കാരണമാകും. വളരെ വേഗത്തിൽ പെരുകുമെന്നതിനാൽ നിയന്ത്രിക്കാനും പാടാണ്. വേണ്ടത്ര ശ്രദ്ധ ചെലുത്തിയാൽ അടുക്കളയിൽ പാറ്റകളെ നിയന്ത്രിക്കാം.
ബേക്കിങ് സോഡയും പഞ്ചസാരയും ഉപയോഗിച്ച് പാറ്റകളെ വേഗത്തിൽ തുരത്താം. ഇതുരണ്ടും കലർത്തി വെയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഞ്ചസാരയിൽ ആകൃഷ്ടരായി പാറ്റകളെത്തുകയും ബേക്കിങ് സോഡയുമായി സാമീപ്യത്തിലാകുമ്പോൾ ചാവുകയും ചെയ്യുന്നു. പാറ്റകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇത് പരീക്ഷിക്കുക.
വേപ്പെണ്ണ വെള്ളത്തിൽ കലർത്തുന്നതും പാറ്റയുടെ ശല്യം നിയന്ത്രിക്കാൻ ഉത്തമമാണ്. വേപ്പെണ്ണ വെള്ളത്തിൽ കലർത്തി സ്‌പ്രേ ചെയ്യുകയാണ് വേണ്ടത്. ഇത് സ്‌പ്രേ ചെയ്യുന്നതുകൊണ്ട് മറ്റു ദോഷങ്ങളുണ്ടാകില്ല. രാത്രിയിൽ ഈ സ്‌പ്രേ മിശ്രിതം ഉപയോഗിക്കുന്നത് വേഗത്തിൽ ഫലം ചെയ്യും. ചുരുങ്ങിയ സമയം കൊണ്ട് പാറ്റയുടെ ശല്യം ഒഴിവാക്കാം.
പാറ്റകളെ വേഗത്തിൽ കൊല്ലാനുള്ള മാർഗം ബോറിക് ആസിഡാണ്. പാറ്റകളെ കണ്ടെത്തുന്ന പ്രദേശങ്ങളിൽ എല്ലാം ഇത് പരീക്ഷിക്കാം. ഇത് പാറ്റകൾ ആഹാരമാക്കുമ്പോൾ തന്നെ അവ ചത്തുപോകുന്നു. വളർത്തുമൃഗങ്ങളും കുട്ടികളുമെത്താത്ത സ്ഥലങ്ങളിൽ ബോറിക് ആസിഡ് ഉപയോഗിക്കാം. വേഗത്തിൽ ഫലം നൽകുമെന്ന് ഉറപ്പാണ്.
മസാല വിഭാഗത്തിൽപ്പെടുന്ന വയനയില (ബൈ ലീഫ്) പാറ്റയെ തുരത്താൻ നല്ലതാണ്. വയനയില വെള്ളത്തിൽ ചൂടാക്കി വെള്ളം സ്‌പ്രേ ആയി ഉപയോഗിക്കുകയാണ് വേണ്ടത്. വീട്ടിലെ മാലിന്യങ്ങൾ കൂട്ടി വെയ്ക്കുന്നത് പാറ്റ പെരുകാനേ സഹായിക്കൂ. വേസ്റ്റിടുന്ന പാത്രങ്ങൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.