കറ്റാർവാഴയുണ്ടോ? സ്ട്രെച്ച് മാർക്കുകളെ മറന്നേക്കൂ

Advertisement

ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ട്രെച്ച് മാർക്കുകൾ പൂർണമായും ഒഴിവാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ ഇവ ക്രമേണ ഇല്ലാതെയാക്കാൻ സാധിക്കുമെന്നു പറഞ്ഞാലോ? വിശ്വസിക്കാൻ അൽപം പ്രയാസമുണ്ടാകുമല്ലേ?

സൗന്ദര്യ സംരക്ഷണത്തിൽ കറ്റാർവാഴയുടെ സ്വാധീനത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. ചർമത്തെ ഹൈഡ്രേറ്റ് ചെയ്തും മോയ്സ്ചറൈസ് ചെയ്തും സ്ട്രെച്ച് മാർക്കുകളെ ഒരുപരിധിവരെ കുറയ്ക്കാൻ കറ്റാർ വാഴയ്ക്ക് കഴിയും. വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നു തുടങ്ങി നിരവധി ഘടകങ്ങൾ ഈ സസ്യത്തിലുണ്ട്. അതുകൊണ്ടുതന്നെ കറ്റാർവാഴയുടെ ഉപയോഗം ചർമത്തിന് ഏറെ ഗുണകരമാണ്. സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ ചില കറ്റാർവാഴ സ്‌ക്രബ്ബുകൾ പരിചയപ്പെടാം.

കറ്റാർവാഴ – കോഫി സ്ക്രബ്ബ്‌
രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലും രണ്ടു ടേബിൾ സ്പൂൺ കോഫിയും എടുത്തു നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം കയ്യിലെടുത്തു സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ കുറച്ച് സമയം മസാജ് ചെയ്യണം. 20 മിനിട്ടിനു ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു മാറ്റാവുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇങ്ങനെ ചെയ്താൽ മികച്ച ഫലം ലഭിക്കും.

കറ്റാർവാഴ – തേൻ – എണ്ണ
ഇത് തയാറാക്കുന്നതിനായി വെന്ത വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ബദാം എണ്ണ എന്നിവയിലേതെങ്കിലും ഉപയോഗിക്കാവുന്നതാണ്. രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ചതിനു ശേഷം ഒരു ടേബിൾ സ്പൂൺ തേൻ കൂടി ചേർക്കുക. മൂന്നു കൂട്ടുകളും നന്നായി യോജിപ്പിച്ച് പേസ്റ്റ് പോലെയാക്കി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടാം. 30 മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ സ്ട്രെച്ച് മാർക്കുകൾ കുറഞ്ഞുകിട്ടും.

കറ്റാർ വാഴ – വിറ്റാമിൻ ഇ ഓയിൽ
കറ്റാർവാഴയുടെ ജെല്ലിലേയ്ക്ക് രണ്ടോ മൂന്നോ വിറ്റാമിൻ ഇയുടെ ഓയിൽ ചേർക്കണം. സ്ട്രെച്ച് മാർക്കുകളിൽ ഈ മിശ്രിതം പുരട്ടാവുന്നതാണ്. ഒരു മണിക്കൂറിനു ശേഷം കഴുകാം. രണ്ടു ദിവസം കൂടുമ്പോൾ ഇങ്ങനെ ചെയ്താൽ മതിയാകും. നല്ല ഫലം ലഭിക്കും.

ചെറുനാരങ്ങ – കറ്റാർവാഴ മാസ്ക്
അര ടീസ്പൂൺ ചെറുനാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെൽ എന്നിവയാണ് ഈ മാസ്കിലെ പ്രധാന കൂട്ടുകൾ. ചെറുനാരങ്ങയുടെ നീരിലേയ്ക്ക് അര ടീസ്പൂൺ തണുത്ത വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യണം. ഇതിലേയ്ക്ക് കറ്റാർവാഴയുടെ ജെല്ലുകൂടി ചേർക്കാം. സ്ട്രെച്ച് മാർക്കുകളിൽ ഈ മിശ്രിതം പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകാം. മോയിസ്ചറൈസർ കൂടി ആ ഭാഗങ്ങളിൽ പുരട്ടാൻ മറക്കരുത്. ദിവസവും ഇപ്രകാരം ചെയ്യാവുന്നതാണ്.

കറ്റാർവാഴ – അവകാഡോ
ഉടച്ചെടുത്ത ഒരു ടേബിൾ സ്പൂൺ അവകാഡോ, ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം സ്ട്രെച്ച് മാർക്കുകളിൽ പുരട്ടി അഞ്ച് മിനിട്ട് മസാജ് ചെയ്യാം. പതിനഞ്ചോ ഇരുപതോ മിനിട്ടിനു ശേഷം കഴുകി ആ ഭാഗങ്ങളിൽ മോയിസ്ചറൈസർ കൂടി പുരട്ടണം. ദിവസത്തിൽ ഒരു തവണ ഇങ്ങനെ ചെയ്യാം. നല്ല ഫലം ലഭിക്കും.

ഒരു ടീസ്പൂൺ ഗ്ലിസറിനിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെൽ കൂടി ചേർക്കാം. രണ്ടും നന്നായി മിക്സ് ചെയ്ത് സ്ട്രെച്ച് മാർക്കുകളിൽ മസാജ് ചെയ്യണം. ഒരു രാത്രി വച്ചതിനു ശേഷം കഴുകി കളയാവുന്നതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത് സ്ട്രെച്ച് മാർക്കുകൾ കുറയാൻ സഹായിക്കും.

കറ്റാർവാഴ – റോസ് വാട്ടർ
രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ കൂടി ചേർക്കണം. രണ്ടു കൂട്ടുകളും ഒരുമിച്ച് ചേർത്തതിന് ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് സ്ട്രെച്ച് മാർക്കുകളിൽ തേച്ചുപിടിപ്പിക്കാം. രാത്രിയിൽ പുരട്ടിയതിനു ശേഷം രാവിലെ കഴുകാം. ദിവസവും ചെയ്യാവുന്നതാണ്.

തൈര് – കറ്റാർവാഴ
ഒരു ടേബിൾ സ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർത്ത് മിക്സ് ചെയ്യണം. സ്ട്രെച്ച് മാർക്കുകൾക്കു മുകളിലായി ഇത് ഒരാവരണം പോലെ പുരട്ടാവുന്നതാണ്. ഒരു തവണ പുരട്ടി ഉണങ്ങിയതിനു ശേഷം വീണ്ടും ചെയ്യാവുന്നതാണ്. പതിനഞ്ചു മിനിട്ടിനു ശേഷം കഴുകി കളയാം. മോയിസ്ചറൈസർ പുരട്ടാൻ മറന്നു പോകരുത്. എല്ലാ ദിവസവും ഇതാവർത്തിക്കാം.

Advertisement