ആഴ്ചകളോളം ചെറുനാരങ്ങ ചീത്തയാവാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതിയോ? വൈറൽ വീഡിയോ

Advertisement

പലർക്കും ഇഷ്ടമുള്ള ഒന്നാണ് ലെമണേഡ്. അതുപോലെ തന്നെ ശരീരഭാരം കുറക്കുന്നതിനും മറ്റും വേണ്ടി രാവിലെ എഴുന്നേറ്റയുടനെ നാരങ്ങാ വെള്ളം കുടിക്കുന്നവരും ഏറെയുണ്ട്. അതുകൊണ്ട് തന്നെ പലരും നാരങ്ങ വാങ്ങുമ്പോൾ ഒരുമിച്ച് വാങ്ങിക്കാറാണ് പതിവ്. എന്നിട്ടോ, ചിലരെല്ലാം അത് ശ്രദ്ധിക്കാതെ കേട് വന്ന് എടുത്തു കളയും. എന്നാൽ, ഒരു മാസത്തോളം നാരങ്ങ കേടുകൂടാതെ ഇരിക്കാനുള്ള വഴി പറഞ്ഞുതരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

നമുക്കറിയാം, സോഷ്യൽ മീഡിയയിൽ നിത്യജീവിതത്തിൽ നമുക്ക് ഏറെ ഉപകാരപ്രദമായ അനേകം ടിപ്സുകളും മറ്റും പങ്ക് വയ്ക്കപ്പെടാറുണ്ട്. ചിലതെല്ലാം നാം പരീക്ഷിച്ച് നോക്കാറും ഉണ്ട്. ഏതായാലും, ഇവിടെ പറയുന്നത് കുറച്ച് അധികം ചെറുനാരങ്ങ വാങ്ങിക്കഴിഞ്ഞാൽ അതെങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്നതിനെ കുറിച്ചാണ്. അതിനായി പറയുന്നത് ഒരു പാത്രത്തിൽ ഫ്രഷായ ചെറുനാരങ്ങ ഇടാനാണ്. ശേഷം അതിലേക്ക് വെള്ളമൊഴിക്കാനും പറയുന്നു. പിന്നീട്, അത് പാത്രത്തിന്റെ അടപ്പ് വച്ച് നന്നായി അടച്ച് ഫ്രിഡ്ജിൽ വച്ചാൽ മതി. ഇങ്ങനെ ചെയ്താൽ, ഒരു മാസത്തോളം ചെറുനാരങ്ങ കേടുകൂടാതെയിരിക്കും എന്നാണ് വീഡിയോയിൽ പറയുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ healthcoachguna എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതേസമയം, വളരെ മുറുക്കമുള്ള വായു കടക്കാത്ത കണ്ടെയ്‍നറിൽ അടച്ചു ഫ്രിഡ്ജിൽ വച്ചാൽ മതി മൂന്നു നാല് ആഴ്ചകളോളം ചെറുനാരങ്ങ കേടുകൂടാതെ ഇരിക്കും എന്ന് ചിലർ അഭിപ്രായപ്പെട്ടു. അതുപോലെ മുറുക്കമുള്ള കണ്ടെയ്‍നറിൽ അടച്ച് വച്ച് തുണി കൊണ്ട് മൂടിവച്ചാലും ആഴ്ചകളോളം ചെറുനാരങ്ങ കേടുകൂടാതെ ഇരിക്കും എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.