അടുക്കളകളിൽ രുചിവൈവിധ്യങ്ങൾ കൊണ്ടുവരാൻ ഉപയോഗിക്കുന്ന ചേരുവയാണ് വെളുത്തുള്ളി. രുചിയിൽ മാത്രമല്ല ആരോഗ്യത്തിന്റെയും കലവറയായ വെളുത്തുള്ളി ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നിരവധി അസുഖങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു. ശരീരത്തിലെ വീക്കങ്ങൾക്കും വൈറൽ രോഗങ്ങൾക്കും ഉത്തമമായൊരു പ്രതിവിധിയാണ് വെളുത്തുള്ളി നൽകുന്നത്.
അല്ലീസിൻ എന്ന പദാർഥമാണ് വെളുത്തുള്ളിയെ മരുന്നിന് സമമാക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ, വെളുത്തുള്ളിയെ പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വെളുത്തുള്ളി രണ്ടു മിനുട്ട് പോലും വറുത്ത് ഉപയോഗിക്കുന്നത് അതിലെ ഗുണങ്ങളെല്ലാം നശിപ്പിച്ചു കളയുമെന്നതിനാൽ അവ ശരിക്കും വെറും വയറ്റിൽ ഭക്ഷിക്കേണ്ടതാനെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുവഴി വെളുത്തുള്ളിയുടെ യഥാർത്ഥഗുണങ്ങളെല്ലാം ലഭിക്കുന്നെന്നും വിദഗ്ധർ പറയുന്നു.
വെളുത്തുള്ളിയിലെ അല്ലിസിൻ ചൂടേറ്റാൽ മറ്റ് ജലവുമായി ലയിക്കുന്ന വിറ്റാമിൻ ബി, സി യോടൊപ്പം തന്നെ നഷ്ടമാവുമെന്നതാണ് കാരണം. അതിനാൽ, വെളുത്തുള്ളിയുടെ ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് പാകം ചെയ്യാനായി അവയെ പൊടിക്കുകയോ ചതയ്ക്കുകയോ ചെയ്ത് പത്തു മിനിറ്റ് കഴിഞ്ഞ് മാത്രമേ തീ ഉപയോഗിച്ച് പാകം ചെയ്യാവൂ. ഇതുവഴി പരമാവധി അല്ലിസിൻ ഉണ്ടാവുകയും അത് പാകം ചെയ്യുന്ന സമയം അവയുടെ സത്ത് നഷ്ടപ്പെടാതെ തന്നെ ലഭിക്കുകയും ചെയ്യുന്നു. ആ പത്തു മിനുട്ടുകളിൽ അല്ലിസിൻ അളവ് നിലനിൽക്കുകയും അവ പിന്നീട് ഭക്ഷിക്കുമ്പോൾ എല്ലാ വിധ ഗുണങ്ങളും നൽകും.