ഓട്ടുപാത്രങ്ങളില്‍ പറ്റിപിടിക്കുന്ന ക്ലാവ് സോപ്പ് ഉപയോഗിച്ച് ഉരച്ച് കഴുകിയാലൊന്നും അത്ര പെട്ടെന്ന് വൃത്തിയായി എന്ന് വരില്ല. ചിലര്‍ ചാരവും സോപ്പും തേച്ച് വെളുപ്പിക്കുന്നത് കാണാം. ചിലര്‍ പുളി ഇട്ട് ഉരച്ച് കഴുകുന്നതും കാണാം. എന്തായാലും ഇത്തരത്തില്‍ എത്ര കഷ്ടപ്പെട്ടാലും ഓട്ടപാത്രങ്ങള്‍ പെട്ടെന്നൊന്നും വെളുത്ത് കിട്ടാറില്ല.
എന്നാല്‍,ഓട്ടുപാത്രങ്ങളിലെ ക്ലാവും കളഞ്ഞ് നല്ല പുതുപുത്തനാക്കി എടുക്കാന്‍ കുറച്ച് ഇഷ്ടികപ്പൊടിയും നാരങ്ങനീരും ഉണ്ടെങ്കില്‍ സംഭവം എളുപ്പമാണ്. അതും വളരെ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ഇത് വൃത്തിയാക്കി എടുക്കാവുന്നതാണ്.
ഓട്ടുപാത്രങ്ങളില്‍ പ്രത്യേകിച്ച് വിളക്കിലും പാത്രങ്ങളിലുമെല്ലാം പച്ച നിറത്തില്‍ കട്ടിപിടിച്ച് കാണപ്പെടുന്നതാണ് ക്ലാവ്. ഈ ക്ലാവ് നീക്കം ചെയ്യാന്‍ പെട്ടെന്ന് സാധിച്ചെന്ന് വരികയില്ല. കുറച്ച് ഇഷ്ടിക പൊടിയും നാരങ്ങ നീരും ഉപയോഗിച്ച് ഇത് വൃത്തിയാക്കി എടുക്കാവുന്നതാണ്.
ഇതിനായി ഇഷ്ടിക നന്നായി പൊടിച്ച് എടുക്കുക. ഇത് ഒരു ടീസ്രപൂണ്‍ എടുത്ത് ഇതിലേയ്ക്ക് കുറച്ച് നാരങ്ങനീരും ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുക്കണം. ഇത് ഒട്ടുപാത്രത്തില്‍ നന്നായി തേച്ച് പിടിപ്പിക്കണം. അഞ്ച് മിനിറ്റിന് ശേഷം പാത്രം കഴുകുന്ന സ്‌ക്രബ്ബര്‍ ഉപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്.
പാത്രങ്ങളിലെ ക്ലാവ് പോയി, പാത്രങ്ങളെല്ലാം തന്നെ നല്ല പുതുപുത്തന്‍ പോലെ തിളങ്ങി ഇരിക്കുന്നത് കാണാം.
ഇഷ്ടികപ്പൊടി ഇല്ലെങ്കില്‍ കുറച്ച് അരിപ്പൊടി ഉണ്ടെങ്കിലും കാര്യം ക്ലീന്‍ ആക്കി എടുക്കാന്‍ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കുന്നതിനായി നിങ്ങള്‍ ഒരു ടീസ്പൂണ്‍ ഉപ്പു പൊടി എടുക്കുക. അതുപോലെ, ഇതിലേയ്ക്ക് കുറച്ച് അരിപ്പൊടിയും വിനാഗിരിയും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി എടുക്കണം. അതിന്‌ശേഷം ഇത് ക്ലാവ് പിടിച്ച പാത്രത്തില്‍ തേച്ച് പിടിപ്പിക്കണം.
പാത്രത്തില്‍ നന്നായി എല്ലാ ഭാഗത്തും തേച്ച് പിടിപ്പിക്കണം. ഒരു 10, 15 മിനിറ്റിന് ശേഷം നിങ്ങള്‍ക്ക് ഇത് തുടച്ച് കളയാവുന്നതാണ്. അല്ലെങ്കില്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകി എടുക്കാവുന്നതാണ്.
മേല്‍ പറഞ്ഞ സാധനങ്ങള്‍ ഒന്നും ഇല്ലെങ്കിലും വെറും നാരങ്ങനീര് ഉപയോഗിച്ചും നിങ്ങള്‍ക്ക് ഓട്ടുപാത്രങ്ങള്‍ വെളുപ്പിച്ച് എടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ നാരങ്ങ മുറിച്ച് ഇത് പാത്രത്തിന്റെ എല്ലാഭാഗത്തും തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്. ഇതും പാത്രങ്ങള്‍ നല്ലപോലെ വെട്ടിത്തിളങ്ങുന്നതിന് സഹായിക്കുന്നുണ്ട്.
നാരങ്ങനീരില്‍ കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി പാത്രങ്ങള്‍ വൃത്തിയാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ തന്നെ വിനാഗിരിയില്‍ ഉപ്പ് ചേര്‍ത്ത് നന്നായി ലയിപ്പിച്ച് എടുക്കുക. ഇത് പാത്രത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക. പാത്രത്തിലെ അഴുക്കെല്ലാം പോയി പുത്തനായി ഇരിക്കുന്നത് കാണാം.