ഭക്ഷണപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് കരിമീൻ. കഴിക്കാൻ ഇഷ്ടമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി പ്രയാസമാണ്. എത്ര ഉപ്പിട്ട് കല്ലിൽ ഉരച്ച് കഴുകിയാലും കരിമീനിന് പുറത്തെ കറുപ്പ് പോകാൻ പ്രയാസമാണ്. കരിമീൻ മാത്രമല്ല തിലാപ്പിയയുടെ പുറത്തെ കറുപ്പും വൃത്തിയാക്കി എടുക്കാൻ പ്രയാസമാണ്. എന്നാൽ ചെറിയ പൊടിക്കൈ പ്രയോഗിച്ചാൽ ഇനി ഈ മീനുകളുടെ പുറത്തെ കറുപ്പ് മാറ്റാം.
മീനിന്റെ അരിക് വശം കത്രിക കൊണ്ട് വൃത്തിയാക്കിയതിനു ശേഷം മീൻ ചട്ടിയിലേക്ക് ഇടാം. മീൻ മുങ്ങികിടക്കുന്ന അത്രയും വെള്ളം ചെറു ചൂടോടെ ചട്ടിയിലേക്ക് ഒഴിക്കാം. ഒപ്പം കുടംപുളി നന്നായി വെള്ളത്തിൽ ഉടച്ച് ചേർക്കണം.
ഏകദേശം 15മിനിറ്റോളം ഇങ്ങനെ വയ്ക്കാം. ശേഷം കത്തി കൊണ്ട് ഒാരോ മീനും ചെതുമ്പൽ കളയുന്ന പോലെ ചെയ്താൽ വളരെ ഈസിയായി മീനിന്റെ കറുത്ത ഭാഗം പാട പോലെ ഇളകിവരും. മീൻ നല്ല വെളുത്ത നിറത്തിൽ ആക്കാം. തിലാപ്പിയയും ഇങ്ങനെ ചെയ്യാവുന്നതാണ്. കല്ലിൽ ഉരച്ച് പാടുപ്പെടേണ്ടതില്ല. ഇനി കരിമീൻ വാങ്ങുമ്പോൾ ഇങ്ങനെ വൃത്തിയാക്കാം. കുറഞ്ഞ സമയം കൊണ്ട് ഈസിയായി വെട്ടി കഴുകി എടുക്കാം.